സംവിധായകൻ ഷാജി എൻ കരുണിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ ഷാജി എൻ കരുണിൻ്റെ ഒരു ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. വെെകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ഷാജി എൻ കരുണിൻ്റെ മരണം.
അദ്ദേഹത്തിൻ്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനവും, ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷ സ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011-ലെ പത്മശ്രീ അവാർഡിന് അർഹനായി.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരൻ്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ഷാജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.
1971ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്‌ത സംവിധായകനായ ജി അരവിന്ദൻ്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്‌തു. കൂടാതെ പ്രശസ്‌ത സംവിധായകരായ കെജി ജോർജ്, എംടി വാസുദേവൻ നായർ എന്നിവർക്ക് ഒപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.
കലാ- സാംസ്കാരിക രംഗത്തെ സംഭാവനക്കുള്ള ഫ്രഞ്ച് സർക്കാരിൻ്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.