മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുവർഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത് വിട്ടത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ഈ സിനിമ കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
തമിഴിൽ സൂപ്പർ ഹിറ്റുകളായ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്റ്റീവ് ആയാണ് വേഷമിടുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്.