കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്.
മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് ചിത്രീകരണം നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
വേറെ ചിലരാവട്ടെ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുക്കുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷെ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ പിആര്‍ ടീം.
മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും നിലവിൽ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ല എന്നുമാണ് ടീം മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. വിനോദ മാധ്യമമായ മിഡ് ഡേയോടാണ് മമ്മൂട്ടിയുടെ ടീം പ്രതികരിച്ചിരിക്കുന്നത്. ”ഇത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം (മമ്മൂട്ടി) അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും.’ എന്നാണ് മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ് ഡേയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.