മണിപ്പുർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു. ഇംഫാൽ സ്വദേശിയായ രാജ്‌കുമാർ മൈപാക്‌സനയാണ് (21) പിടിയിലായത്. മഴക്കാല രോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയ ആരോഗ്യ പ്രവർത്തകരാണെന്ന് പറഞ്ഞാണ് എൻഐഎ സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇംഫാലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു രാജ്‌കുമാർ. ഇതിന് തൊട്ടടുത്തായിരുന്നു താമസവും. ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ എൻഐഎ സംഘം ഹോട്ടൽ തൊളിലാളികളുടെ മുറിയിൽ കയറി പരിശോധിക്കുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയുംചെയ്‌തു.
എൻഐഎ സംഘത്തിൻ്റെ കയ്യിലുണ്ടായിരുന്ന പ്രതിയുടെ ചിത്രവും ആധാർ കാർഡിലെ ചിത്രവും ഒത്തു നോക്കിയാണ് രാജ്‌കുമാറിനെ പിടികൂടുയത്. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് പ്രതിയെ തിരിച്ചറിയുന്നത് എളുപ്പമാക്കി.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധ പരിശീലനം നേടിയ ആളാണ് പിടിയിലായ രാജ്‌കുമാർ എന്നാണ് വിവരം. ഇയാളുടെ നീക്കങ്ങൾ കുറച്ച് ദിവസമായി എൻഐഎ നിരീക്ഷിച്ച് വരികയായിരുന്നു.
ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് രാജ്‌കുമാർ തലശ്ശേരിയിൽ എത്തിയത്. നാല് ദിവസം മുമ്പാണ് ജോലിക്കായി രാജ്‌കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്.
തലശ്ശേരിയിലെ സ്ഥാപനത്തിലെത്തി ആധാർ വിവരങ്ങൾ കൈമാറി തുടർന്ന് ജോലിയും തുടങ്ങി. മൂന്ന് ദിവസത്തെ ജോലിക്ക് ശേഷമാണ് രാജ്‌കുമാ ർ എൻഐഎയുടെ പിടിയിലാകുന്നത്. ഇയാൾ അധികമാരോടും സംസാരിച്ചിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.