19 May 2024

മറിയക്കുട്ടി; ക്യാമ്പയിൻ കൊണ്ട് വന്നവർക്ക് തന്നെ തലവേദനയായി മാറുന്ന കാഴ്ച്ച

ചിലരെ കുറിച്ചു പറയുമല്ലോ 'വാ തുറന്നാൽ പോയി' എന്ന്. ഏതാണ്ട് ആ ചൊല്ലിന് ഉദാഹരണമായ മറിയക്കുട്ടിയെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം ആഴ്ച്ച മുതൽ ചാണ്ടി ഉമ്മന്റെ വാ തുറക്കാൻ സമ്മതിക്കാത്ത പോലെ മാദ്ധ്യമ മൈക്കുകളുടെ മുന്നിൽ നിന്നും മാറ്റി നിർത്തിയില്ല എന്നതാണ് സംഭവിച്ച ഒന്നാമത്തെ അബദ്ധം.

| ശ്രീകാന്ത് പികെ

ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് കേരള സർക്കാരിനെതിരെ ഏറ്റവും കൃത്യമായ നിലയിൽ ആസൂത്രണം ചെയ്യുകയും എക്‌സിക്യൂട്ട് ചെയ്യുകയും ചെയ്ത മികച്ചൊരു പൊളിറ്റിക്കൽ പ്രൊജക്റ്റായിരുന്നു മറിയക്കുട്ടി എന്ന സ്ത്രീയുടെ പെൻഷൻ വിഷയത്തെ മുൻനിർത്തിയുള്ള സർക്കാർ വിരുദ്ധ ക്യാമ്പയിൻ. ക്ഷേമ പെൻഷൻ മൂന്ന് മാസം മുടങ്ങിയതുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ ആദ്യ പ്രവർത്തനങ്ങൾ എന്തെങ്കിലും ലക്ഷ്യം വച്ചുള്ള പ്ലാൻഡ് പ്രവർത്തനമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് ക്ഷിപ്ര വേഗത്തിൽ മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയും സാമാന്യത്തിൽ കവിഞ്ഞ പൊതു ശ്രദ്ധ നേടുകയും ചെയ്യും എന്ന ഘട്ടത്തിൽ കോൺഗ്രസ് പാർടി അതിലെ രാഷ്ട്രീയ നേട്ടം മനസിലാക്കുകയും മറിയക്കുട്ടിയുടെ തുടർന്നുള്ള പരിപാടികൾ തീരുമാനിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്തു.

സർക്കാരും പാർടിയും അത്യാവശ്യം നന്നായി തന്നെ വിഷയത്തിൽ ബാക് ഫൂട്ടിലായ സമയമായിരുന്നു അത്. പാർടി മുഖഃപത്രത്തിൽ മറിയക്കുട്ടിക്കെതിരെ തെറ്റായ ഒരു വാർത്ത നൽകുകയും പിന്നീട് തിരുത്തി ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു. മറിയക്കുട്ടിയുടെ പ്രായവും രൂപവും ലിംഗവും ബോഡി ലാംഗ്വേജുമെല്ലാം തന്നെ പാർടിക്കാരുടെ പ്രതിരോധത്തിൽ പോലും വിലങ്ങു തടിയായി നിന്നു. കൂട്ടത്തിൽ മറിയക്കുട്ടി കോടതിയിലേക്ക് പോയതും ബഹു ‘സിംഗിൾ ബഞ്ചിന്റെ’ വിധിയുമെല്ലാം തന്നെ സർക്കാരിനെതിരെ പുതിയ വൈകാരിക യുദ്ധ മുഖം തുറന്ന് വിടാൻ പ്രാപ്തമായതായിരുന്നു.

ഒന്നൊഴിയാത്ത മാദ്ധ്യമങ്ങളുടെ ആവോളമുള്ള പിന്തുണ കൂടിയായപ്പോൾ കോൺഗ്രസ് അവരെ ഒന്നാമത്തെ നേതാവെന്നോണം എടുത്ത് മുന്നിൽ നിർത്തി. ‘മറിയക്കുട്ടിയുടെ തീ തുപ്പുന്ന വാക്കുകൾ കേൾക്കാതെ പോകരുതെന്നും’ ഇതാണ് യഥാർത്ഥ പെൺ കാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എഴുതി. രമേഷ് ചെന്നിത്തലയും വി.ഡി സതീശനും ഉമാ തോമസുമൊക്കെ മറിയക്കുട്ടിയുടെ പിന്നിൽ അണിനിരന്നു. അവരെ സർക്കാരിനെതിരെ തിരിക്കാനുള്ള പ്രധാന ആയുധമാക്കി തീരുമാനിച്ചു.

പക്ഷെ ചിലരെ കുറിച്ചു പറയുമല്ലോ ‘വാ തുറന്നാൽ പോയി’ എന്ന്. ഏതാണ്ട് ആ ചൊല്ലിന് ഉദാഹരണമായ മറിയക്കുട്ടിയെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം ആഴ്ച്ച മുതൽ ചാണ്ടി ഉമ്മന്റെ വാ തുറക്കാൻ സമ്മതിക്കാത്ത പോലെ മാദ്ധ്യമ മൈക്കുകളുടെ മുന്നിൽ നിന്നും മാറ്റി നിർത്തിയില്ല എന്നതാണ് സംഭവിച്ച ഒന്നാമത്തെ അബദ്ധം. താൻ മുപ്പത്തി അഞ്ച് കൊല്ലമായി കോൺഗ്രസുകാരിയാണെന്ന് തുറന്ന് പറഞ്ഞ് തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പറഞ്ഞപ്പോൾ പോലും മറിയക്കുട്ടിക്ക് മധ്യ പക്ഷത്ത് നിന്ന് കിട്ടിക്കൊണ്ടിരുന്ന പിന്തുണ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ പിന്നീടങ്ങോട്ട് വാ തുറന്നപ്പോഴൊക്കെ ഒന്നാം തരം മുസ്ലീം വിരുദ്ധതയും ജാതീയതയും സ്ത്രീ വിരുദ്ധതയും വമിക്കുന്ന മറിയക്കുട്ടിയെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് അവർ മോദി – ബിജെപി സ്തുതി നടത്തി അടുത്ത പ്രഹരം കൊടുത്തത്.

പൊട്ടന് ലോട്ടറി അടിച്ചു എന്നൊക്കെ പറയുന്നത് പോലെ നിനച്ചിരിക്കാത്ത നേരത്ത് വന്ന സെലിബ്രിറ്റി സ്റ്റാറ്റസും മീഡിയ കവറേജും മറിയക്കുട്ടിയെ കോൺഗ്രസിന് മൂക്ക് കയറിടാൻ സാധിക്കാത്ത നിലയിലേക്ക് മാറ്റി. ഈ അവസരം മനസിലാക്കിയ ബിജെപിയാകട്ടെ ഒരു ക്രിസ്ത്യൻ പേരുകാരിയായ കമ്യൂണിസ്റ്റ് വിരുദ്ധയെ വെറുതെ കളയണ്ടെന്നും തീരുമാനിച്ചു.
ഇന്ന് തൃശൂരിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ബിജെപി നേതാക്കളുടെ കൂടെ മുഖ്യ അതിഥിയായിരുന്നു മറിയക്കുട്ടി. അഥവാ പിണറായി സർക്കാരിനെതിരെ മറിയക്കുട്ടിയെ മുൻനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ ആക്രമണത്തിന്റെ എല്ലാ ഫലങ്ങളും ഇന്നത്തോട് കൂടി അവസാനിച്ചിരിക്കുകയാണ്. മറിയകുട്ടിക്ക് വ്യക്തിപരവും ഭൗതികപരവുമായ നേട്ടമുണ്ടായി എന്നല്ലാതെ അവരെക്കൊണ്ട് ഇനിയങ്ങോട്ട് തരിമ്പ് പോലും ഇമോഷൻസ് കേരളത്തിലേ നിഷ്പക്ഷ സമൂഹത്തിനിടയിൽ ചിലവാകില്ല.

എന്ന് മാത്രമല്ല ഫലത്തിൽ ഇനിയങ്ങോട്ട് മറിയക്കുട്ടി വിഷയം ഇടതുപക്ഷത്തിനും സർക്കാരിനും ഗുണമായി ഭവിക്കുകയും ചെയ്യും. സർക്കാനിനെതിരെ വലിയ വൈകാരികമായ സാധ്യതകളെ മുൻനിർത്തി കൊണ്ട് വന്ന മറിയക്കുട്ടി ക്യാമ്പയിനിന്റെ രാഷ്ട്രീയ ഗുണം സർക്കാരിന് തന്നെ കിട്ടുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ തലയിലും താഴത്തും വെക്കാതെ വാഴ്ത്തിക്കൊണ്ടിരുന്ന മറിയക്കുട്ടിയുടെ ബിജെപി ബന്ധത്തിൽ കോൺഗ്രസ് ഉത്തരം പറയേണ്ട അവസ്ഥയിലും കൂടിയായി. വലിയ നിലയിൽ ഉയർത്തി കൊണ്ടുവന്ന ക്യാമ്പയിൻ കൊണ്ട് വന്നവർക്ക് തന്നെ തലവേദനയായി മാറുന്ന കാഴ്ച്ച. ‘Constant planning and analysis’ എന്നൊരു മാനേജ്‌മെന്റ് ടെർമിനോളജിയുണ്ട്. അതില്ലാതെ ആദ്യ ഘട്ട പ്ലാനിങ് മാത്രം നടത്തി ബാക്കി ഫ്രീ മാർക്കറ്റിന് വിട്ടു കൊടുത്താൽ എന്താകുമെന്നതിന് ഉദാഹരണമാണ് മറിയക്കുട്ടി കേസ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News