വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പിഒകെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:
മർകസ് തയ്ബ, ലഷ്‌കർ- ഇ- തൊയ്ബ, മുരിദ്കെ, പഞ്ചാബ്
2000ൽ സ്ഥാപിതമായ മർകസ് തൈബ, പാകിസ്ഥാനിലെ പഞ്ചാബിലെ ഷെയ്ഖുപുരയിലെ മുരിദ്കെയിലെ നംഗൽ സഹ്ദാനിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ- ഇ- തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 82 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തിൽ മദ്രസകൾ, ഒരു മാർക്കറ്റ്, തീവ്രവാദ സംഘടനകൾക്കുള്ള താമസസ്ഥലം, കായിക സൗകര്യം, ഒരു മത്സ്യ ഫാം, കാർഷിക മേഖലകൾ എന്നിവ ഉൾപ്പെടുന്നു.
ഈ സമുച്ചയത്തിൽ ആയുധ, ശാരീരിക പരിശീലന സൗകര്യങ്ങളും, പാകിസ്ഥാനിൽ നിന്നും വിദേശത്ത് നിന്നുമുള്ള ആളുകളെ തീവ്രവാദികളാക്കാനും പ്രബോധനം ചെയ്യാനും വേണ്ടിയുള്ള ദവാ (ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കൽ) എന്ന പ്രവർത്തനവും ഉണ്ട്. പുരുഷ തീവ്രവാദികൾക്ക് മതപരമായ പ്രബോധനം നൽകുന്ന ഒരു ‘സൂഫ’ അക്കാദമിയും സ്ത്രീകൾക്കായി ഒരു പ്രത്യേക ‘സൂഫ’ വിദ്യാഭ്യാസ കേന്ദ്രവും മർകസിൽ പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളെ സായുധ ജിഹാദിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനായി ഈ മർകസ് കൂണുപോലെ വളരുന്ന ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു. ഇതിനെ ഒരു ഭീകര ഫാക്‌ടറിയോട് താരതമ്യപ്പെടുത്താം. പ്രതിവർഷം ഏകദേശം 1,000 യുവാക്കളെ ഇവിടെ ചേർക്കുന്നു.
ലഷ്‌കർ- ഇ- തൊയ്ബയും ജമാഅത്ത് ഉദ്‌വദയും തങ്ങളുടെ മുഴുവൻ ഭീകര നേതൃത്വത്തിനും ആനുകാലിക പരിശീലനം നൽകുന്നത് ഈ കേന്ദ്രത്തിലാണ്. 2000ൽ മർകസ് തൈബ സമുച്ചയത്തിനുള്ളിൽ ഒരു പള്ളിയും ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നതിനായി ഒസാമ ബിൻ ലാദൻ 10 മില്യൺ രൂപ ധനസഹായം നൽകി.
പാകിസ്ഥാൻ്റെ ഇൻ്റെർ- സർവീസസ് ഇൻ്റെലിജൻസിൻ്റെ (ഐഎസ്‌ഐ) നിർദ്ദേശപ്രകാരം, അജ്‌മൽ കസബ് ഉൾപ്പെടെ 26/11 മുംബൈ ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികൾക്കും ഈ കേന്ദ്രത്തിൽ നിന്നാണ് ‘ദൗറ- ഇ-റിബ്ബത്ത്’ (രഹസ്യാന്വേഷണ പരിശീലനം) നൽകിയത്.
26/11 ഭീകരാക്രമണത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും തഹാവൂർ ഹുസൈൻ റാണയും സാക്കി- ഉർ-റഹ്‌മാൻ ലഖ്‌വിയുടെ നിർദ്ദേശപ്രകാരം, അബ്‌ദുൾ റഹ്‌മാൻ സയ്യിദ് എന്ന പാഷ, ഹാരൂൺ, ഖുറം (സഹ ഗൂഢാലോചനക്കാർ) എന്നിവരോടൊപ്പം മുരിദ്‌കെയെ സന്ദർശിച്ചുവെന്നും റിപ്പോർട്ടുകളിൽ ഉദ്ധരിക്കുന്നു.
പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.
ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജയ്ഷ്- ഇ- മുഹമ്മദ് (എൽഇടി) എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ സ്റ്റാൻഡ് ഓഫ് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.























