ഇന്ത്യൻ നാവികസേനയിലെ ഒരു ലെഫ്റ്റനന്റിനെ വിവാഹം കഴിച്ച അവർ ഹണിമൂൺ ചെലവഴിക്കാൻ ജമ്മു കാശ്‌മീരിലേക്ക് പോയതാണ്. ഒരു ആഴ്‌ചക്കുള്ളിൽ ഭർത്താവിൻ്റെ ശവപ്പെട്ടിയിൽ കെട്ടിപ്പിടിച്ച് ആശ്വസ വാക്കുകളില്ലാതെ കരഞ്ഞു, ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ആ യുവതിക്ക്. എന്നിട്ടും, നിവർന്നു നിന്ന് “ജയ് ഹിന്ദ്” വിളിച്ചു, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവായ ജവാന് വിടവാങ്ങൽ സല്യൂട്ട് നൽകി.
ഹരിയാനയിലെ കർണാലിൽ നിന്നുള്ള 26 വയസുകാരനായ ലെഫ്റ്റനന്റ് വിനയ് നർവാൾ ഏപ്രിൽ 16നാണ് ഹിമാൻഷി നർവാളിനെ വിവാഹം കഴിച്ചത്. മൂന്ന് ദിവസത്തിന് ശേഷം വിവാഹ സൽക്കാരം നടന്നു. തിങ്കളാഴ്‌ച ദമ്പതികൾ കശ്‌മീരിലേക്ക് പോയി.
ഒരു ദിവസത്തിനുശേഷം, പഹൽഗാമിനടുത്തുള്ള ബൈസരനിലെ മനോഹരമായ പുൽമേട്ടിൽ ‘ഭേൽപുരി’ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയായിരുന്നു. ഒരു തീവ്രവാദി ലെഫ്റ്റനന്റ് വിനയ് നർവാളിൻ്റെ തലയിൽ വെടിവച്ചു. മുഖത്ത് രക്തം തെറിച്ചുവീണ ഭാര്യ ഹിമാൻഷി ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഭേൽപുരി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എൻ്റെ ഭർത്താവിനെ വെടിവച്ചു…”
ലെഫ്റ്റനന്റ് നർവാളിൻ്റെ മൃതദേഹം ബുധനാഴ്‌ച ഡൽഹിയിലേക്ക് കൊണ്ടുവന്നപ്പോൾ ഹിമാൻഷി അതിനരികിൽ നിന്നു. “അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു… എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിക്കും,” അടക്കാനാവാത്ത സങ്കടത്തോടെ കരഞ്ഞുകൊണ്ട് അവർ ശവപ്പെട്ടി കെട്ടിപ്പിടിച്ചു.
“നാമെല്ലാവരും എല്ലാ വിധത്തിലും അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കണം… എല്ലാ വിധത്തിലും,” ശവപ്പെട്ടിക്ക് മുന്നിൽ നാവികസേന ഉദ്യോഗസ്ഥൻ്റെ തലയുയർത്തി നിൽക്കുന്ന തൊപ്പിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് യുവതി പറഞ്ഞു.
നാവികസേനയിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും മറ്റുള്ളവരും നോക്കി നിൽക്കുമ്പോൾ കണ്ണുനീർ തുടക്കുകയും നിവർന്നു നിന്ന് സ്വയം ശാന്തയായി ഭർത്താവിനെ അഭിവാദ്യം ചെയ്യുകയും “ജയ് ഹിന്ദ്” പറയുകയും ചെയ്യുന്നത് കരളലിയിപ്പിക്കുന്ന കാഴ്‌ചയായി.
നാവികസേനയിൽ രണ്ട് വർഷം മുമ്പ് ചേരുകയും കൊച്ചിയിൽ നിയമിക്കപ്പെടുകയും ചെയ്‌ത വിനയ് നർവാൾ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ബൈസാരൻ മലനിരകളിലെ അതിശയകരമായ കാഴ്‌ചകളുള്ള പുൽമേടുകൾ തൻ്റെ ചോരത്തുള്ളികളാൽ ചുവക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇൻ്റെലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 26 പേരിൽ ഒരാളായിരുന്നു വിനയ് നർവാൾ.
“സർവീസസ് സെലക്ഷൻ ബോർഡിൽ നിന്ന് നർവാൾ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. നാവികസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റാവുകയും 18 മാസം മുമ്പ് സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹം ഒരു ലെഫ്റ്റനന്റായി,” അഭിമാനിയായ നർവാളിൻ്റെ മുത്തച്ഛൻ ഓർമ്മിച്ചു. “ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയിപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല,” -അദ്ദേഹം പരിതപിച്ചു.