7 March 2026

‘നാനോ’ കാറിന് പിന്നിലെ ‘മാസ്സീവ്’ തട്ടിപ്പ്; വാഴ്ത്തുപാട്ടുകാരില്‍ ആരും അറിയാതെപോയ പിന്നണി നാടകങ്ങൾ

സാനന്ദ് ഭൂമി ഇടപാടില്‍ യാതൊരു വിധ സ്റ്റാമ്പ് ഡ്യൂട്ടിയും ടാറ്റയ്ക്ക് നല്‍കേണ്ടി വന്നില്ല. ഈയൊരു ഭൂമി ഇടപാടിലൂടെ മാത്രം ടാറ്റ ഗ്രൂപ്പ് ലാഭിച്ചത് 33,000 കോടി രൂപയായിരുന്നു.

| കെ സഹദേവൻ

1991ല്‍ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റ അധികാരമേറ്റെടുക്കുമ്പോള്‍ ടാറ്റാ ഗ്രൂപ്പിന്റെ വാര്‍ഷിക റവന്യൂ 4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നുവെന്നും 2012ല്‍ രതന്‍ ടാറ്റ റിട്ടയര്‍ ചെയ്യുമ്പോഴേക്കും അത് 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് എഴുതപ്പെട്ട ലേഖനങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

പതിനായിരക്കണക്കിന് കോടി രൂപ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച രത്തന്‍ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തകനായും വാഴ്ത്തപ്പെട്ടു. ”സാധാരണക്കാരന് സ്വന്തമായൊരു കാര്‍ എന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച വ്യക്തി”, ”കോര്‍പ്പറേറ്റ് കാരുണ്യത്തിന്റെ മുഖം” രത്തന്‍ ടാറ്റയെക്കുറിച്ച് ഏതാണ്ടെല്ലാ മാധ്യമങ്ങളും ഒരേസ്വരത്തില്‍ പാടിയ പാട്ടുകളുടെ സാരാംശം ഇതുതന്നെയായിരുന്നു.
എന്നാല്‍ നാല് ബില്യണ്‍ ഡോളറില്‍ നിന്നും 100 ബില്യണ്‍ ഡോളറിലേക്ക് വാര്‍ഷിക വരുമാനം വര്‍ധിപ്പിച്ച ടാറ്റാ തന്ത്രത്തില്‍ രാജ്യത്തെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്റെയോ, നിര്‍ദ്ധനരായ സാധാരണ മനുഷ്യരെ കൊലയ്ക്ക് കൊടുത്തതിന്റെയോ ചരിത്രം പറയാന്‍ ആരും മെനക്കെട്ടില്ല.

കടമ്മനിട്ട ‘ചാക്കാല’ ചൊല്ലിയതുപോലെ:
”വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തില്‍ കൂടണം നന്മ ചൊല്ലാന്‍.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോര്‍ക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.”
എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.

‘നാനോ’ കാറിന് പിന്നിലെ ‘മാസ്സീവ്’ തട്ടിപ്പ്

ഒരു ലക്ഷം രൂപയ്ക്ക് സാധാരണക്കാരന് ഒരു കാര്‍ എന്ന വാഗ്ദാനവുമായി പശ്ചിമബംഗാളിലെ ഹൂഗ്ളി ജില്ലയിലെ സിംഗൂരില്‍ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ച ടാറ്റയ്ക്ക് സിംഗൂരിലെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിയേണ്ടി വന്നു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കെതിരെ പോലീസ് ആക്ഷനടക്കം പ്രയോഗിച്ച് നോക്കിയതിന് ശേഷം മാത്രമാണ് ടാറ്റ പിന്മാറിയത്.

സിംഗൂരിലെ അവസാനത്തെ അടവും പരാജയപ്പെട്ട ടാറ്റയെ തന്റെ സംസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയത് അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്തിലെ സാനന്ദില്‍ 2010ല്‍ ടാറ്റയുടെ നാനോ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ യാഥാര്‍ത്ഥ്യമാക്കിയ ടാറ്റ മഹാത്മാവായി വാഴ്ത്തപ്പെട്ടു.

ആരുടെ പണം? ബംഗാള്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടായും മോദിയുടെ സാമര്‍ത്ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥയ്ക്ക് പിന്നില്‍ പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്ന കോടികളുടെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ മാത്രമാണ് ആരുടെ പണത്തിന്മേലായിരുന്നു ടാറ്റയുടെ നാനോ സ്വപ്നം പൂവണിഞ്ഞതെന്ന് മനസ്സിലാകൂ.

ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കായിരുന്നുവെന്നത് നാനോ കാറുകളുടെ വാഴ്ത്തുപാട്ടുകാരില്‍ ആരും തന്നെ മിണ്ടിയില്ല. ഇത്രയും തുച്ഛമായ വിലയ്ക്ക് 1,106 ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കപ്പെട്ടത്. സാനന്ദ് ഭൂമി ഇടപാടില്‍ യാതൊരു വിധ സ്റ്റാമ്പ് ഡ്യൂട്ടിയും ടാറ്റയ്ക്ക് നല്‍കേണ്ടി വന്നില്ല. ഈയൊരു ഭൂമി ഇടപാടിലൂടെ മാത്രം ടാറ്റ ഗ്രൂപ്പ് ലാഭിച്ചത് 33,000 കോടി രൂപയായിരുന്നു. തീര്‍ന്നില്ല, തുച്ഛമായ ഈ ഭൂമി വിലപോലും തവണകളായി അടക്കാനുള്ള സൗകര്യവും ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തു.

സാനന്ദിലെ നാനോ ഫാക്ടറിക്കായി 9,570 കോടി രൂപ പൊതുമേഖലാ ബാങ്കില്‍ നിന്ന് കടമായി അനുവദിച്ചത് കേവലം 0.01% പലിശ നിരക്കിലായിരുന്നു. അതും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ!!! കമ്പനിയിലേക്കുള്ള റോഡ്, റെയില്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വക വേറെയും!! 14000 ഘന മീറ്റര്‍ വെള്ളം ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി അനുവദിച്ചുകൊടുത്തു. 220 കെവി വൈദ്യുതി ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ നികുതി ഭാരങ്ങളില്ലാതെ നല്‍കപ്പെട്ടു.

ടാറ്റയുടെ ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ ചെലവഴിക്കപ്പെട്ടിരുന്നുവെന്ന സത്യം മാത്രം ആരും പറഞ്ഞില്ല. സാനന്ദില്‍ ആനന്ദതുന്ദിലനായ ടാറ്റ സന്തോഷം സഹിക്കവയ്യാതെ വിളിച്ചുപറഞ്ഞു; ‘You are stupid if you are not in Gujarat’
പ്രതിവര്‍ഷം 2,50,000 നാനോ കാറുകള്‍ നിര്‍മ്മിക്കുമെന്നായിരുന്നു ടാറ്റാ കമ്പനി അവകാശപ്പെട്ടിരുന്നത്.

2010ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഏതാണ്ട് 3 ലക്ഷം കാറുകള്‍ മാത്രമേ ടാറ്റയുടെ നാനോ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുകയുണ്ടായുള്ളൂ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ കേവലം 319 നാനോ കാര്‍ മാത്രമായിരുന്നു സാനന്ദ് ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെട്ടത്. 2020ല്‍ നാനോ നിര്‍മ്മാണം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. സാധാരണക്കാരന്റെ കാര്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ടാറ്റയുടെ വിശാല മനസ്സിനെക്കുറിച്ച് വായ്ത്താരി ചൊല്ലുന്നവര്‍ ആരും തന്നെ ഈ കണക്കുകളോ യാഥാര്‍ത്ഥ്യങ്ങളോ ജനങ്ങളോട് പറയാന്‍ മെനക്കെട്ടില്ല.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുച്ഛമായ കടം തിരിച്ചടക്കാന്‍ സാധിക്കാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിച്ചുകൊണ്ടിരുന്ന അതേ കാലയളവിലാണ് വ്യാവസായിക വികസനത്തിന്റെയും തൊഴില്‍ സൃഷ്ടിയുടെയും പേരില്‍ ടാറ്റയ്ക്ക് ഈ രീതിയില്‍ അസാധാരണാംവിധമുള്ള സൗജന്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്നത്.

(തുടരും)

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News