| വിഷ്ണു സിഎസ് ശിവ
ഒരു വർഷം മുൻപ് ഉണ്ടായൊരു അപകടത്തിൽ കൈ വിരലിനറ്റം, മുറിഞ്ഞ് തൂങ്ങി ആശുപത്രി കിടക്കയിൽ വേദന തിന്ന് കിടന്നൊരു അവസ്ഥയിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്. അന്ന് എന്നെ ആദ്യം ചികിത്സിച്ച ഡോക്ടർ പറഞ്ഞ വാക്കുകളെനിക്ക് ഇന്ന് വീണ്ടും ഓർമ്മ വന്നു. “ഞാൻ ഇത് സ്റ്റിച്ച് ചെയ്ത് തരാം.. പക്ഷെ അതവിടെ നിലനിൽക്കുമെന്നെനിക്ക് ഉറപ്പ് തരാൻ പറ്റില്ല..!!” ആ ആശുപത്രി കിടക്കയിലെ എന്നെ ഇന്നും എനിക്ക് വിഷ്വലൈസ് ചെയ്യാനാവുന്നുണ്ട്. കൈവിരൽ മുറിഞ്ഞതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ‘അറ്റുപോയ ഭാഗം’ വിരലിനറ്റത്ത് ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ ഡോക്ടറുടെ ആ വാക്കുകളായിരുന്നു.
നമ്മുടെ ശരീരത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് നഷ്ടമാകുന്നതിൻ്റെ , ആ നഷ്ടത്തിനൊപ്പം ജീവിക്കേണ്ടതിൻ്റെ ‘വേദന’യെ കുറിച്ച് എന്നെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ..? ”മേരി ആവാസ് സുനോ” ‘ക്യാപ്റ്റൻ’ പോലെ ‘വെള്ളം’ പോലെ ജയസൂര്യ എന്ന നടൻ്റെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് നൊമ്പരപ്പെടുത്തിയ സിനിമയാണ്. അതിനൊപ്പം ആദ്യം പറഞ്ഞ ആ ‘വേദന’ കാണിച്ച് തന്ന സിനിമയും.
ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യയുടെ സത്യൻ എന്ന കഥാപാത്രം ഫുട്ബോൾ ഊതി വീർപ്പിക്കുന്നൊരു രംഗമുണ്ട്. ആഗ്രഹങ്ങളേറെ ഉണ്ടായിട്ടും അതൊന്നും ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നിറവേറ്റാനാവാതെ നിസഹായനായി നിന്നു പോകുന്ന മനുഷ്യൻ്റെ ആത്മ സംഘർഷങ്ങളുടെ ‘അറ്റ് ദ പീക്ക്’ എന്നൊക്കെ ആ രംഗത്തെ വിശേഷിപ്പിക്കാം. അത്തരമൊരു രംഗം ‘മേരി ആവാസ് സുനോ’യിലുമുണ്ട്. എന്ത് മനോഹരമായിട്ടാണെന്നോ ജയസൂര്യ RJ ശങ്കർ എന്ന കഥാപാത്രത്തിലൂടെ ആ രംഗം ചെയ്ത് വെച്ചിരിക്കുന്നത്.
കൊച്ചു സിനിമയെന്ന് അടയാളപ്പെടുത്തുമ്പോഴും കുറേയേറെ കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമായ കഥാപശ്ചാത്തലത്തിൽ, സിനിമ ‘ഒരു മനുഷ്യൻ്റെ ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ ജി പ്രജേഷ്സെൻ ആ മെയിൻ തീംമിനൊപ്പം ചേർത്ത്, പറഞ്ഞ് വെക്കുന്നത് ഉയർത്തെഴുന്നേൽക്കുക എന്നാൽ ഒരുപാട് നല്ല മനസ്സുകളുടെ ചേർത്ത് പിടിക്കലുകൊണ്ട് കൂടി സംഭവിക്കുന്ന സന്തോഷമാണ് എന്ന് തന്നെയാണ്.
സിനിമയിൽ മഞ്ജു വാര്യരുടെ കഥാപാത്രം പറയുന്നൊരു സംഭാഷണമുണ്ട്. “നമ്മളിൽ നിന്ന് നമ്മൾ കണ്ടെത്തുന്നതാണ് നമ്മുടെ ഐഡൻ്റിറ്റി”. അത്രമേൽ മനോഹരമായ സംഭാഷണങ്ങൾ കൊണ്ട്.. ഹൃദ്യമായ പാട്ടുകൾ കൊണ്ട്.. പെർഫെക്റ്റ് കാസ്റ്റിങ്ങ് കൊണ്ട്. വിസ്മയിപ്പിച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട്.. പ്രെഡിക്റ്റബിളായൊരു കഥാഗതിയാണെങ്കിൽ കൂടി അതിൻ്റെ ലാളിത്യം കൊണ്ട്.. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ‘മേരി ആവാസ് സുനോ’. തിയ്യേറ്ററിൽ തന്നെ കണ്ട് നോക്കാവുന്നതാണ്