ദേശീയ തലത്തിൽ ബിജെപിക്ക് എതിരെ ബദല്‍ നീക്കം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിൻ കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തില്‍ രൂപീകരിച്ച ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് ദേശീയ തലത്തിൽ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കത്തയച്ചു.
പ്രധാനമായും 37 രാഷ്ട്രീയ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമാവുന്ന പൊതു മിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്.
സോണിയാ, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി രാജ, സീതാറാം യെച്ചൂരി, എന്‍ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജരിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ 37 കക്ഷി നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്.
ഇവർക്കൊപ്പം തമിഴ്‌നാട്ടിൽ എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, പിഎംകെ സ്ഥാപകന്‍ എസ് രാമദോസ്, വിസികെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നീ നേതാക്കള്‍ക്കും സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂയെന്നും അദ്ദേഹം കത്തില്‍ പറയുന്നു.























