കുട്ടികളെ വളര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു പ്രവൃത്തിയാണ്. വിവിധ രീതിയിലുള്ള പാരന്റിങ് രീതികളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും അവർക്ക് ദേഹോപദ്രവം ചെയ്യുന്നതിനുമെല്ലാം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമുണ്ട്.
കുട്ടികളുമായി രക്ഷിതാക്കള്‍ ഇടപ്പെടുന്ന രീതിയും അവരുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണ്. അച്ചടക്കം, വാത്സല്യം, തമാശകള്‍ ഇവയെല്ലാം അവരെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. എന്നാല്‍, വൈറലാകാന്‍ തമാശക്ക് ചെയ്‌ത കാര്യം കെണിയിലാക്കിയാലോ?
സ്വീഡനില്‍ നിന്നുള്ള യുവതിയാണ് മകളെ ഉപദ്രവിച്ചു എന്നതിന് പണി വാങ്ങിയത്. പ്രാങ്ക് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകാൻ നോക്കിയതാണ് തിരിച്ചടിയായത്. 2023ല്‍ സ്വീഡനിലെ ഹെല്‍സിങ്‌ബോര്‍ഗിലാണ് സംഭവം നടന്നത്. ആരുടെയെങ്കിലും തലയില്‍ മുട്ട ഉടക്കുന്ന ഒരു വൈറല്‍ ട്രെന്‍ഡില്‍ പങ്കാളിയായതാണ് 24 കാരിയായ യുവതി. സാധാരണയായി ഇത് ഒരു തമാശയായാണ് കാണുന്നത്. എന്നാല്‍, അതില്‍ അപകടവും ഉണ്ട്.
യുവതി തൻ്റെ ഇളയ മകളുടെ തലയിലാണ് ട്രെന്‍ഡിൻ്റെ ഭാഗമായി മുട്ട ഉടച്ചത്. എന്നാല്‍, കാര്യങ്ങള്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കുകയായിരുന്നു. കുട്ടിക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുകയും വേദനിക്കുന്നതായി പറയുകയും ചെയ്‌തു. എന്നാല്‍, ഒരു നിമിഷം മകളെ ശ്രദ്ധിച്ചെങ്കിലും യുവതി പിന്നീട് ചിരി തുടരുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്‌തു.
വീഡിയോ തമാശയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും സ്വീഡിഷ് അധികൃതര്‍ ഇതിനെ ഗൗരവമായി എടുത്തു. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒരു തമാശയാണെങ്കിലും മറ്റ് ചില സാഹചര്യങ്ങളില്‍ ഇത് ഒരു പീഡന പ്രവര്‍ത്തിയായി കണക്കാക്കപ്പെട്ടു. സ്വീഡിഷ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌തു. തൻ്റെ മകളോട് യുവതി അനുചിതമായി പെരുമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.
ഓണ്‍ലൈനിലെ വൈറല്‍ ട്രെന്‍ഡിൻ്റെ ഭാഗമായാണ് താന്‍ മകളുടെ തലയില്‍ മുട്ട ഉടച്ചതെന്ന് യുവതി വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും കോടതി അത് ഉള്‍കൊള്ളാന്‍ തയ്യാറായില്ല. കഴിഞ്ഞ മാസമാണ് സംഭവത്തില്‍ കോടതി വിധി വന്നത്. അമ്മയ്ക്ക് കോടതി 2,070 ഡോളര്‍ (ഏകദേശം 1.77 ലക്ഷം രൂപ) പിഴ ചുമത്തി. ഇൻ്റെര്‍നെറ്റില്‍ ട്രെന്‍ഡ് ആകുന്ന കാര്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഓഫ്‌ലൈനില്‍ എല്ലായ്‌പ്പോഴും സ്വീകാര്യമല്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി വിധി നല്‍കുന്നത്.
ഈ അസാധാരണമായ കേസ് ഇന്നത്തെ സമൂഹത്തിന് വലിയൊരു ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ കുടുംബ ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാല്‍, നിരുപദ്രവകരമായി തോന്നുന്ന കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുമ്പോള്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.