7 July 2024

‘ഓരോ സനാതന ഹിന്ദുവും അത് എതിര്‍ക്കണം’; കൽക്കി സിനിമയ്ക്ക് എതിരെ മുകേഷ് ഖന്ന

ഭാവിയിൽ താൻ രക്ഷകനാകുമെന്ന് ഭഗവാൻ കൃഷ്ണൻ അശ്വത്ഥാമാവിനോട് പറഞ്ഞിട്ടില്ല, താൻ കൽക്കിയായി ജനിക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഈ വിഷയങ്ങളിൽ എനിക്ക് എതിർപ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതിൽ എതിർപ്പ് ഉണ്ടായിരിക്കണം.

നാഗ് അശ്വിന്‍റെ കൽക്കി 2898 എഡി ബോക്‌സ് ഓഫീസിൽ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. 600 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഒരാഴ്ചയില്‍ തന്നെ 700 കോടി നേടി കഴിഞ്ഞു. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ പ്രശംസിച്ചാണ് രംഗത്ത് എത്തിയത്. എന്നാല്‍ മഹാഭാരതം സീരിയലില്‍ ഭീഷ്മരായി എത്തിയ മുകേഷ് ഖന്ന സിനിമയില്‍ തൃപ്തനല്ല. പുരാണകഥകളെ മാറ്റുവാന്‍ കൽക്കി 2898 എഡി അണിയറക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.

ശക്തിമാന്‍ സീരിയലിലെ ശക്തിമാനായി എല്ലാവര്‍ക്കും സുപരിചിതനായ മുകേഷ് ഖന്ന അതിന് മുന്‍പ് മഹാഭാരതത്തിലെ ഗംഭീര റോളിന്‍റെ പേരില്‍ ഏറെ പ്രശംസ നേടിയ താരമാണ്. ചൊവ്വാഴ്ച, മുകേഷ് ഖന്ന തന്‍റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൽക്കി 2898 എഡിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമല്‍ഹാസന്‍ എന്നിങ്ങനെ വലിയ താര നിര അണിനിരന്ന കല്‍ക്കി 2898 എഡിയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ ശക്തിമാന്‍ താരം വീഡിയോയില്‍ മുന്നോട്ടു വച്ചു. ചിത്രത്തിന്‍റെ ആദ്യ പകുതി തീര്‍ത്തും ബോര്‍ ആണെന്നും. പുരാണകഥകൾ മാറ്റാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം, അവർ സിനിമയിലെ പുരാണകഥകൾ മാറ്റാൻ ശ്രമിച്ചു എന്നതാണ്. തുടക്കത്തിൽ നിങ്ങൾ കാണുന്നത് ശ്രീകൃഷ്ണൻ വന്ന് അശ്വത്ഥാമാവിന്‍റെ നെറ്റിയിൽ നിന്ന് ശിവമണി എടുക്കുകയും,അശ്വത്ഥാമാവ് ഭാവിയില്‍ തന്‍റെ രക്ഷകനാകുമെന്ന് അവനോട് പറയുകയും ചെയ്യുന്നു. ഭഗവാൻ കൃഷ്ണൻ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല. നമ്മുടെ പുരാണങ്ങളിൽ പോലും ഉൾപ്പെടാത്ത കാര്യങ്ങൾ നിങ്ങൾ സ്വന്തമായി ചേർക്കുന്നത് എന്തിനാണെന്ന്. അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ശിവമണി പാണ്ഡവർ അർജുനും ഭീമനും ചേർന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നൽകി.

രാത്രിയുടെ മറവിൽ പാണ്ഡവരുടെ പാളയത്തിൽ പ്രവേശിച്ച് ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്‍റെ പ്രതികാരമായിരുന്നു അത്. ഭാവിയിൽ താൻ രക്ഷകനാകുമെന്ന് ഭഗവാൻ കൃഷ്ണൻ അശ്വത്ഥാമാവിനോട് പറഞ്ഞിട്ടില്ല, താൻ കൽക്കിയായി ജനിക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഈ വിഷയങ്ങളിൽ എനിക്ക് എതിർപ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതിൽ എതിർപ്പ് ഉണ്ടായിരിക്കണം. ആദിപുരുഷിൽ പോലും നിങ്ങൾ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി. പികെയിൽ നിങ്ങൾ ശിവനെ ഓടിച്ചു.

നിങ്ങൾ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു. 2898 എ ഡി കൽക്കിയിൽ പോലും, നിങ്ങൾ എടുത്ത സ്വാതന്ത്ര്യം, താൻ കൽക്കിയായി ജനിക്കുമെന്ന് കൃഷ്ണൻ എവിടെയാണ് പറഞ്ഞതെന്ന് എനിക്ക് കാണിച്ചുതരൂ” എന്നാണ് മുകേഷ് ഖന്ന അഭിപ്രായപ്പെട്ടത്.

ദക്ഷിണേന്ത്യൻ സിനിമകൾ വലിയ വിജയമാകുവാന്‍ കാരണം അവ മതത്തെ പ്രശ്നത്തിലാക്കുന്നില്ല. സിനിമയിൽ നിങ്ങൾ സ്വയം പറയുന്ന മാറ്റങ്ങൾ ഒരു മതത്തിന് വേണ്ടി മാത്രമുള്ളതാണ്. രാമായണം, ഗീത, മറ്റ് പുരാണ വിഷയങ്ങൾ എന്നിവയിൽ നിർമ്മിക്കുന്ന സിനിമകളുടെ മേൽനോട്ടം വഹിക്കാനും സിനിമയുടെ തിരക്കഥയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്ന ഒരു സമിതി സര്‍ക്കാര്‍ തലത്തില്‍ വേണമെന്നും മുകേഷ് ഖന്ന പറഞ്ഞു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News