അഭിമുഖം: ശ്രുതി ശരണ്യം| ശ്യാം സോർബ
B32 മുതൽ 44 വരെ എന്ന സിനിമ ഇതിനോടകം ചർച്ച ആയി മാറിക്കഴിഞ്ഞു. ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമയുടെ സംവിധായിക ശ്രുതി ശരണ്യവുമായി നടത്തിയ അഭിമുഖം.
B 32 മുതൽ 44 വരെ എന്ന സിനിമ പ്രേക്ഷകർ എത്തരത്തിൽ സ്വീകരിച്ചു എന്നാണ് കരുതുന്നത്
വളരെ ക്രിട്രിക്കൽ ആയി സിനിമയെ നോക്കി കാണുന്ന ആളുകളിൽ നിന്ന് നല്ല രീതിയിൽ അഭിപ്രായം വന്നിട്ടുണ്ട്. നിരൂപണങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അത് തന്നെ ആണ് ആവശ്യം എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ഒരു വലിയ വിഭാഗം കാണികളിലേക്ക് സിനിമ എത്തിയിട്ടില്ല എന്നത് വാസ്തവമാണ്. പക്ഷെ സിനിമയെ വളരെ ഗൗരവകരമായി കാണുന്ന ആളുകൾ സിനിമയെ ഒരു ചർച്ചയായി എടുക്കുന്നതിൽ സന്തോഷം ഉണ്ട്. പക്ഷെ പബ്ലിസിറ്റി ഒരു പ്രധാന പ്രശ്നം ആണല്ലോ. സർക്കാർ സംവിധാനത്തിൽ വന്നൊരു സിനിമ, ഒരു തരത്തിലും സർക്കാർ ലാഭം പ്രതീക്ഷിച്ചു കൊണ്ടല്ലല്ലോ ഇത്തരത്തിൽ ഒരു സഹായം ചെയ്യുന്നത്. സർക്കാർ ഒടിടി പ്ലാറ്റഫോംമിന് വലിയ പരസ്യങ്ങൾ ഇല്ലാത്തത് കൊണ്ടോ ഒക്കെ ആവാം സിനിമ കൂടുതൽ ആളുകളിലേക്ക് എത്താത്തത്.
മലയാള സിനിമ മേഖലയിൽ സ്ത്രീ സംവിധായകർ കുറവാണല്ലോ. അതിനെ എങ്ങനെ നോക്കി കാണുന്നു?
സ്ത്രീ സംവിധായകർ കുറവായിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഉദാഹരണത്തിന് എന്റെ സിനിമ കാണുക പോലും ചെയ്യാതെ അതിനെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. സിനിമ കാണില്ല എന്ന് പറയുന്ന ആളുകളും ഉണ്ട്. ഒരു സ്ത്രീ സംവിധായക, ഒരുകൂട്ടം സ്ത്രീകളെ ചേർത്ത് ചെയ്യുന്ന ഒരു സിനിമ ആയതൊക്കെ ആവാം അവരെ ചൊടിപ്പിക്കുന്നത്.
എന്റെ സിനിമ ഒരിക്കലും സ്ത്രീപക്ഷം ആണെന്ന് അല്ല മനുഷ്യ പക്ഷം ആണെന്ന് ആണ് ഞാൻ പറയുന്നത്. അതൊന്നും ആളുകൾക്ക് ദഹിക്കുന്നില്ല. ഇങ്ങനെ ഒരു വരവേൽപ്പ് അല്ലെ ഞാൻ ഉൾപ്പെടെ ഉള്ള സ്ത്രീ സംവിധായകർ കേൾക്കേണ്ടി വരുന്നത്. നമ്മൾ ഉടായിപ്പ് ആണെന്നും, ഫ്രോഡ് ആണെന്നും ഒക്കെയും തെറി വിളികളും നിരന്തരം ഇങ്ങനെ കേൾക്കേണ്ടി വരുന്ന അവസ്ഥയിൽ എങ്ങനെ ആളുകൾ മുന്നോട്ട് വരും. സ്ത്രീകൾക്ക് സ്വാഭാവികമായും പിൻ വലിയേണ്ടി വരികയാണ്.
സിനിമ മേഖല പൂർണ്ണമായും പുരുഷ കേന്ദ്രീകൃതം ആണെന്ന് തോന്നുന്നുണ്ടോ?
ഇവിടെ ഏത് മേഖല ആണ് പുരുഷ കേന്ദ്രീകൃതം അല്ലാത്തത്? കാലങ്ങൾ ആയിട്ട് ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിൽ ജോലികൾ തരം തിരിക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതുപോലെ പ്രസവിക്കുക എന്നത് സ്ത്രീകളിൽ നിക്ഷിപ്തം ആയത് കൊണ്ട് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഥവാ പ്രസവിക്കുന്ന സ്ത്രീകൾ ആണ് ഈ കാര്യങ്ങൾ നോക്കേണ്ടത് എന്ന ചിന്ത ഉണ്ടല്ലോ. അതുകൊണ്ട് തന്നെ പുരുഷന്മാർ പുറത്തിറങ്ങി പണി എടുക്കുന്നവരും സ്ത്രീകൾ വീട്ടിൽ ഇരിക്കുന്നവർ ആവുകയും ചെയ്തു.
ഇന്ന് സ്ത്രീകൾ പുറത്തിറങ്ങി പണി എടുക്കുന്നുണ്ട് എങ്കിലും വീട്ടിലെ പണികളും അവർ തന്നെ എടുക്കണമല്ലോ. കുട്ടികളുടെ പരിപാലനം ഉൾപ്പെടെ എല്ലാം അവരിൽ നിക്ഷിപ്തം ആണല്ലോ.അതിപ്പോ സിനിമ പോലെ പുറത്തിറങ്ങി പണി എടുക്കേണ്ട, സമയ ബന്ധിതമല്ലാത്ത ഒരു ഭാഗത്തേക്ക് സ്ത്രീകൾ അധികം വരാത്തത്.
അത്തരത്തിൽ വരാതായി അത് പുരുഷ കേന്ദ്രീകൃതം ആയി എന്ന് കരുതാം. അതിപ്പോൾ ഏതൊരു തൊഴിലിടം ആയാലും ഒരു പ്രധാന ടൈറ്റിൽ റോളുകളിലേക്ക് സ്ത്രീകൾ വരുന്നത് വെറും 2% ൽ താഴെ ആണ്. ഇതിൽ വ്യവസ്ഥാപിതമായി മാറ്റങ്ങൾ വരും എന്ന് കരുതാം. എനിക്ക് കുട്ടികൾ ഉണ്ട്, ഞാൻ സിനിമ ചെയ്യാൻ ഇറങ്ങുമ്പോൾ പോലും കുട്ടികളെ നോക്കാതെ സിനിമ ചെയ്യാൻ ഇറങ്ങുന്ന സ്ത്രീ എന്ന് കേൾക്കാറുണ്ട്.
വളരെയേറെ രാഷ്ട്രീയം സംസാരിച്ച ഒരു സിനിമ ആണല്ലോ താങ്കളുടേത്. ആ ഒരു ഡെപ്ത്തിൽ അത് ആളുകളിലേക്ക് സ്വീകരിക്കപ്പെട്ടോ?
അങ്ങനെ ആ ഡെപ്ത്തിൽ തന്നെ ആളുകൾ ഉൾക്കൊള്ളണം എന്നില്ല.അങ്ങനെ ഉള്ളവരിലേക്ക് മാത്രം സിനിമ എത്തിയാൽ പോരാ എന്നതാണ്. പക്ഷെ നേരത്തെ പറഞ്ഞത് പോലെയുള്ള ഒരു നിരൂപണ പ്രശംസ, ചർച്ചകൾ ഒക്കെ നടക്കുന്നത് സന്തോഷം ആണ്. അതിന്റെ അർത്ഥങ്ങൾ വിവിധ മാനങ്ങളിൽ ചികയുന്ന ആളുകൾ ഉണ്ട്. പക്ഷെ അതേ സമയത്ത് വളരെ ബാഹ്യമായി സിനിമയെ കാണുന്ന വളരെ സാധാരണക്കാരിലേക്ക് കൂടെ എത്തണം എന്ന് ആഗ്രഹം ഉണ്ട്. ഒരുപക്ഷെ ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള വലിയ പ്ലാറ്റ്ഫോമിൽ വല്ലതും ആയിരുന്നു എങ്കിൽ ഈ പറയുന്ന പോലെ കൂടുതൽ ആളുകളിലേക്ക് എത്തിയേനെ.
താങ്കളുടെ സിനിമയെ മനഃപൂർവം താഴ്ത്തികെട്ടുന്ന പോലെ തോന്നിയിരുന്നോ
തീർച്ചയായും. സിനിമയുടെ വിഷയം അത്തരത്തിൽ ഒന്ന് ആയത് കൊണ്ടും ഒരു സ്ത്രീ ആയത് കൊണ്ടും വലിയ തരത്തിൽ ഉള്ള hate campaign നടക്കുന്നത് ഞാൻ കാണുന്നതാണ്. അത് സിനിമ ഇറങ്ങുന്നതിനു മുൻപും ശേഷവും നടക്കുന്നുണ്ട്.
സിനിമ റിവ്യൂ നിരോധിക്കണം എന്ന വാർത്തയെ എങ്ങനെ നോക്കിക്കാണുന്നു
നിരൂപണങ്ങൾ ആവശ്യമാണ്. എന്നെ സംബന്ധിച്ചു നിരൂപണങ്ങളും റിവ്യൂ പറയുന്നതും രണ്ടും രണ്ടാണ്. നിരൂപണങ്ങൾ വളരെ അക്കാഡമിക്കൽ ആയ ചെയ്യുന്ന ഒരു പ്രക്രിയയാണ്. പക്ഷെ റിവ്യൂ അങ്ങനെ അല്ല. അത്തരത്തിൽ റിവ്യൂ പറഞ്ഞുകൊണ്ട് ഡീഗ്രേഡ് ചെയ്യുന്നവർ ഉണ്ട്. അത് കാണുമ്പോൾ സങ്കടവും ഉണ്ട്. പക്ഷെ നിരൂപകരായിട്ടുള്ള മനുഷ്യർ സിനിമയെ നോക്കി കാണുന്നത് വളരെ അക്കാഡമിക്കൽ ആയിട്ടാണ്. രണ്ടും വളരെ തുല്യമായി നിലനിൽക്കണം എന്നാണ് ഞാൻ കരുതുന്നത്.
സ്ത്രീ സിനിമ പ്രവർത്തന രംഗത്തേക്ക് കൂടുതൽ വരണം എന്ന് തോന്നുന്നുണ്ടോ? എങ്ങനെ കൂടുതൽ ആളുകളെ കൊണ്ടുവരാൻ സാധിക്കും
ഒരു സ്ത്രീ സിനിമ പ്രവർത്തക എന്ന നിലയിൽ എനിക്ക് ഈ മേഖലയിൽ ചെയ്യാൻ പറ്റുന്ന ഒന്ന് ഞാൻ എന്റെ കഴിഞ്ഞ സിനിമയിൽ ചെയ്തിരുന്നു. സിനിമയിലെ ഡിപ്പാർട്മെന്റ് ഹെഡ് ഉൾപ്പെടെ 75% സ്ത്രീകൾ ആയിരുന്നു എന്റെ സിനിമയിൽ. അത്തരത്തിൽ ആളുകൾ ചിന്തിക്കുമ്പോൾ കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് വരും. എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നുണ്ട്. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിലും അത് അങ്ങനെ ആയിരിക്കും.
സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകളോട്, പ്രതേകിച്ചു സ്ത്രീകളോട് എന്താണ് താങ്കൾക്ക് പറയാൻ ഉള്ളത്
നിലവിൽ എനിക്ക് ഒരുപാട് മെസ്സേജ് വരാറുണ്ട് അസിസ്റ്റന്റ് ആയി വന്നോട്ടെ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ. പക്ഷെ എന്റെ കൂടെ നിലവിൽ ഒരു ടീം ഉള്ളത് കൊണ്ട് തന്നെ എനിക്ക് എല്ലാവരെയും ഉൾപെടുത്താൻ പറ്റില്ല. പക്ഷെ ഈ ആളുകളോട് ഒക്കെ ഞാൻ പറയുന്നത് സ്വയം പഠിക്കാൻ ആണ്. സിനിമ ഒരിക്കലും റോക്കറ്റ് സയൻസ് പോലെ വലിയ ഒരു സംഗതി ഒന്നുമല്ല. ഒരാളെ അസ്സിസ്റ്റ് ചെയ്യാൻ അവസരം നോക്കുന്നത് നല്ലതാണ്. അതേ സമയം സ്വയം പഠിക്കാനും മൊബൈൽ ക്യാമറ ഉപയോഗിച്ചയാലും ചെറിയ വർക്കുകൾ ചെയ്യാൻ ശ്രമിക്കണം എന്നുമാണ്.























