ഓൺലൈൻ പോർട്ടലിൽ നിന്ന് തുർക്കിയുടെ വസ്ത്ര ബ്രാൻഡുകൾ നീക്കി ഇ കൊമേഴ്‌സ് കമ്പനികളായ മിന്ത്രയും അജിയോയും. അടുത്തിടെ നടന്ന ഇന്ത്യ- പാകിസ്ഥാൻ സൈനിക സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് എതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് രണ്ട് പ്രമുഖ ഓൺലൈൻ ഫാഷൻ പ്ലാറ്റ്‌ഫോമുകൾ ടർക്കിഷ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്‌തത്.
ഫ്ലിപ്‌കാർർട്ടിൻ്റെ ഉടമസ്ഥതയിലുള്ള മിന്ത്രക്കാണ് ഇന്ത്യയിൽ ട്രെൻഡിയോൾ വിൽക്കാൻ പ്രത്യേക അവകാശം ഉണ്ടായിരുന്നത്. സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രങ്ങൾക്ക് പേരുകേട്ട ഒരു തുർക്കി ബ്രാൻഡാണ് ട്രെൻഡിയോൾ. കഴിഞ്ഞ ആഴ്‌ച രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർദ്ധിച്ചതോടെ മിന്ത്ര അതിൻ്റെ സൈറ്റിൽ നിന്ന് ടർക്കിഷ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. വ്യാഴാഴ്‌ചയോടെ, എല്ലാ ടർക്കിഷ് ഇനങ്ങളും നീക്കം ചെയ്‌തതായി രണ്ട് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.
മിന്ത്ര തങ്ങളുടെ ബ്രാൻഡ് പങ്കാളിത്തങ്ങൾ അവലോകനം ചെയ്യുകയാണെന്നും ഭാവിയിലെ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുമെന്നും എക്‌സിക്യൂട്ടീവുകളിൽ ഒരാൾ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഈ ടർക്കിഷ് ബ്രാൻഡുകൾ തിരികെ കൊണ്ടുവരുമോ എന്നതിന് സ്ഥിരീകരണമില്ല.
റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള അജിയോ, കോട്ടോൺ, എൽസി വൈകീക്കി, മാവി തുടങ്ങിയ ടർക്കിഷ് ഫാഷൻ ലേബലുകളുടെ വിൽപ്പനയും നിർത്തിവച്ചു. ഈ ഉൽപ്പന്നങ്ങളെല്ലാം ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ‘ഔട്ട് ഓഫ് സ്റ്റോക്ക്’ എന്നാണ് അടയാള പെടുത്തിയിരിക്കുന്നത്. റിലയൻസ് തങ്ങളുടെ തുർക്കിയിലെ ഓഫീസും അടച്ചുപൂട്ടി. അജിയോയിൽ നിന്ന് എല്ലാ തുർക്കി ബ്രാൻഡുകളും നീക്കം ചെയ്യുമെന്ന് സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച 125-ലധികം വ്യാപാര നേതാക്കളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി), എല്ലാ ഇന്ത്യൻ ബിസിനസുകളും തുർക്കിയുമായും അസർബൈജാനുമായും ഉള്ള വ്യാപാരം നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം പാസാക്കിയിരുന്നു. ഇരുരാജ്യങ്ങളുമായുള്ള ഇറക്കുമതി, കയറ്റുമതി, ടൂറിസം എന്നിവ നിരോധിക്കണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു. തുർക്കിയും അസർബൈജാനും ഇന്ത്യയെ നിരാശപ്പെടുത്തിയെന്ന് സിഎഐടി പറഞ്ഞു
തുർക്കിയിലോ അസർബൈജാനിലോ ചിത്രീകരിക്കുന്ന ഇന്ത്യൻ സിനിമകൾ ബഹിഷ്‌കരിക്കുമെന്നും സിഎഐടി അറിയിച്ചു. ഈ രാജ്യങ്ങളിലും പ്രൊമോഷണൽ ഉള്ളടക്കം ചിത്രീകരിക്കരുതെന്ന് ചലച്ചിത്ര നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.