| ശ്രീകാന്ത് പികെ
‘കുലംകുത്തി’ പ്രയോഗം ഓർമ്മയില്ലേ.. നാട്ടിലെ ഒരു പഞ്ചായത്ത് തെരഞ്ഞടുപ്പിലെ സീറ്റ് വീതം വെക്കലുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയത്തെ ചൊല്ലി പാർടി വിട്ട്, പാർടി പിളർത്തി മറ്റൊരു പാർടിയുണ്ടാക്കി, ജന്മിത്വ വിരുദ്ധ കമ്യൂണിസ്റ്റ് കർഷക – തൊഴിലാളി പോരാട്ടങ്ങളുടെ വലിയ ചരിത്രം പേറുന്ന വടകര പോലൊരു പ്രദേശത്ത് പാർടിയെ ഇല്ലാതാക്കാൻ മുൻകൈയ്യെടുത്ത് നേതൃ സ്ഥാനം വഹിച്ചൊരു മനുഷ്യനെ അന്നത്തെ പാർടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വിശേഷിപ്പിച്ച പദമാണ്.
ടി.പി ചന്ദ്രശേഖരൻ എന്ന പ്രസ്തുത നേതാവ് ക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. അങ്ങേയറ്റം നിർഭാഗ്യകരമായ ആ സന്ദർഭത്തിന് ശേഷം വീണ്ടും തന്റെ പഴയ പ്രതികരത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ പാർടി സെക്രട്ടറി ‘കുലംകുത്തി കുലംകുത്തി തന്നെ’ എന്നാവർത്തിച്ചു. സാങ്കേതികമായി തീർത്തും ശരിയാണെന്ന് പറയാമെങ്കിലും അങ്ങേയറ്റം വൈകാരികമായ ഒരു സന്ദർഭത്തിൽ വളരെ ഇൻസെൻസിറ്റീവായ ഒരു പറച്ചിലാണത്. അതിന്റെ പേരിൽ അന്നത്തെ പാർടി സെക്രട്ടറി വിമർശനമർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വ്യക്തി പരമായ അഭിപ്രായം.
എന്നാൽ പിണറായി വിജയന്റെ ആ പ്രയോഗം പിന്നീട് കേരളത്തിൽ മാദ്ധ്യമ മാഫിയകൾ മുതൽ താഴോട്ട് സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, സിനിമാ താരങ്ങൾ, കലാ കാരന്മാർ എന്ന് വേണ്ട അങ്ങ് വെസ്റ്റ് ബംഗാളിൽ നിന്ന് മഹാശ്വേത ദേവിയടക്കം കേരളത്തിൽ വന്ന് ഞെട്ടി വിമർശിച്ചു. പിണറായി വിജയനെയും അയാളുടെ പാർടിയേയും കുറ്റപ്പെടുത്തി. പ്രാക്ക് പറഞ്ഞു, തെറി വിളിച്ചു. കുട്ടികളുടെ കോമഡി സ്കിറ്റിൽ മുതൽ മുതിർന്നവരുടെ ഇമോഷണൽ സ്കിറ്റിൽ വരെ ഈ പ്രയോഗം പല തവണ മിന്നി മറഞ്ഞു. ഇന്നും പലരും പിണറായി വിജയനെതിരെയും സി.പി.ഐ.എമ്മിനെതിരെയും പറയാനായി അത് ഉപയോഗിക്കാറുണ്ട്.
ആത്മഹത്യ ചെയ്ത കോൺഗ്രസ് മുൻ ജില്ലാ ട്രഷറർ എൻ. എം വിജയനും അദ്ദേഹത്തിന്റെ കുടുംബവും രണ്ട് ദിവസത്തോളമായി മുൻനിര കോൺഗ്രസ് നേതാക്കളിൽ നിന്ന് പലതരം അധിക്ഷേപങ്ങളേറ്റ് കൊണ്ടിരിക്കുകയാണ്. എൻ. എം വിജയന്റെ കത്ത് വ്യാജമാണെന്ന് മുതൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് അന്തവും കുന്തവുമില്ല, കത്ത് കുടുംബം കെട്ടിച്ചമച്ചത്, ക്ലാരിറ്റിയില്ല എന്ന് തുടങ്ങി പരേതനെയും കുടുംബത്തെയും പരമാവധി അധിക്ഷേപിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നത് ഏതെങ്കിലും സൈബർ കോൺഗ്രസുകാരല്ല ; കെ. സുധാകരൻ, വി.ഡി സതീശൻ, രമേഷ് ചെന്നിത്തല തുടങ്ങിയ ഒന്നാം നിര നേതാക്കളാണ്.
മരിക്കുന്ന നിമിഷവും തന്റെ പാർടിക്ക് പേരുദോഷമുണ്ടാകരുത് എന്നാഗ്രഹിച്ച, തന്റെ പാർടി നേതാക്കൾ സഹായിച്ചില്ലെങ്കിൽ മാത്രം രണ്ടാമത്തെ കത്ത് പുറത്ത് വിടാൻ മകന് കത്തെഴുതി വച്ച് അവസാന ശ്വാസത്തിലും കോൺഗ്രസ് പാർടിയോട് കൂറ് കാണിച്ച ഒരു നേതാവിനെയും ആ കുടുംബത്തെയുമാണ് ഇവർ എല്ലാവരും ലജ്ജയില്ലാതെ അധിക്ഷേപികുന്നത് എന്നോർക്കണം. എന്നാൽ കേരളത്തിലെ 90% വൈകാരിക ഭൂരിപക്ഷത്തിന്റെ മനസിനെയും അത് തൊട്ടിട്ടില്ല. സാഹിത്യ – സാംസ്‌കാരിക നായകന്മാർക്ക് കൊലപാതകസമം ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്ന മനുഷ്യനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുന്നതിൽ ഒരു പരാതിയുമില്ല. ഒരു പ്രസ്താവനയില്ല, ഒപ്പിടൽ സംഘത്തിന്റെ കലാപരിപാടികളില്ല, കോലം കത്തിക്കലില്ല, കവിതയെഴുത്തില്ല, ഒന്നുമില്ല.
എന്തിന് ചൈനയിൽ പടക്കം പൊട്ടിയാൽ കമ്യൂണിസ്റ്റ് പാർടിക്കെതിരെ തൂലിക പടവാളാക്കുന്ന കല്പറ്റ നാരായണൻ മാഷിന് തൊട്ടപ്പുറം ബത്തേരിയിൽ തന്റെ തന്നെ പാർടിയുടെ നേതാവ് ഇങ്ങനെ ഹൃദയം പൊട്ടി മരിച്ചത് കണ്ട് ഹൃദയ വേദന പോലും തോന്നിയില്ല.
വൈകാരികത സ്വയമേവ ഉണ്ടാകുന്നില്ല. പരസ്പരം കൂട്ടിയും കൊടുത്തും ഉപജാപക ജീവിതം നയിക്കുന്ന കേരളത്തിലെ വലിയൊരു മാഫിയാ സംഘം അത് ഉണ്ടാക്കിയെടുക്കുന്നതാണ്. അത് ആർക്കെതിരെ എപ്പോൾ വേണമെന്ന് അവർ തീരുമാനിക്കും.