കിർത്താഡ്‌സിൻ്റെ നേതൃത്വത്തിൽ വ്യത്യസ്‌ത ഭക്ഷണക്കൂട്ടും കലാവിരുന്നുമായി ദേശീയ ഗോത്രോത്സവമായ ‘നെറ തിങ്ക’ കോഴിക്കോട് സമാപിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗോത്ര കലാരൂപങ്ങൾ ആടി തിമിർത്തു.
ഗോത്ര ഭക്ഷണപുരയുടെ കൂട്ടിൽ ഭക്ഷ്യോത്സവം, കരകൗശല ഉത്സവം, ചിത്രപ്രദർശനം, സാഹിത്യ സദസ്, വംശീയ വൈദ്യന്മാരുടെ ക്യാമ്പ്, നൃത്തകല ഉത്സവം തുടങ്ങിയ വിവിധ പരിപാടികൾ ഏഴുദിവസങ്ങളിലായി നടന്നു. ഭക്ഷണപ്പുരയിൽ ഉപ്പുമാവ്, കഞ്ഞി, തേൻ നെല്ലിക്ക, നെല്ലിക്ക ചമ്മന്തി, മുളകൂമ്പ് അച്ചാർ, മുളയരി വിഭവങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
മഹാരാഷ്ട്രയിലെ കോലി മഹാദേവ ഗോത്രവും, തമിഴ്‌നാട്ടിലെ തോട ഗോത്രവും, ഛത്തീസ്‌ഗഡിൽ നിന്നുള്ള ഗോത്രവും അവരവരുടെ രുചി അറിവുകളുമായി ഗോത്രോത്സവത്തിൽ പങ്കെടുത്തു. പ്രമുഖ ഗോത്ര ചിത്രകാരന്മാരുടെ ചിത്ര പ്രദർശനവും വിൽപ്പനയും, കരകൗശല ഉൽപന്ന പ്രദർശനവും, ഗോത്ര സാഹിത്യ സദസ് മ്യൂസിയം എക്‌സിബിഷനും മേളയുടെ ഭാഗമായി.
സൊധോദിമി, കൂറാണി, ബെഞ്ചാര, കൊബാവ, ദമാമി, തുടങ്ങി കണ്ണഞ്ചിക്കുന്ന ചടുല താളങ്ങളൂടെയുള്ള നൃത്തങ്ങളാണ് ‘നെറ തിങ്ക’യിൽ അവതരിപ്പിച്ചത്. ഗോത്രോത്സവത്തിൽ എത്തിയവർക്ക് രാജ്യത്തെ ഗോത്ര സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് നെറ തിങ്ക ദേശീയ ഗോത്രോത്സവം.