മലപ്പുറം: മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്. നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു പരിശോധന. മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയിൽ അഞ്ചിടങ്ങളിൽ ആയാണ് റെയ്‌ഡ് നടന്നത്.
ഏത് കേസിൻ്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ് നടത്തിയതെന്ന് വ്യക്ത വന്നിട്ടില്ല. കൊച്ചി എന്‍ഐഎ യുണീറ്റ് എത്തിയാണ് റെയ്‌ഡ് നടത്തിയത്. സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധന. ഭാരവാഹിത്വം വഹിക്കുന്നവരെയല്ല കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൊച്ചിയിലും എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനക്ക് ശേഷം രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഞ്ചേരി സ്വദേശി സലിം, അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരി സ്വദേശിയുടെ കറുകപ്പള്ളിയിലെ സലൂണിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.