ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിംഗ്‌ടൺ പോസ്റ്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കനേഡിന്‍ ഉദ്യോഗസ്ഥയുടെ സമ്മതം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാതാലി ഡ്രൂയീന്‍ ആണ് കുറ്റസമ്മതം നടത്തിയത്. കാനഡയ്ക്കുള്ളില്‍ നടന്ന കൊലപാതകം, കൊള്ളയടിക്കല്‍, ബലപ്രയോഗം എന്നിവയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചോര്‍ത്തി നല്‍കിയത്. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനും കാനഡയിലെ പൊതുജനങ്ങള്‍ക്കും മുമ്പാകെ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിന് മുമ്പാണ് ചോര്‍ത്തി നല്‍കിയത്.
ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്‌പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇന്ത്യ ഒന്നിലധികം തവണ കാനഡയുടെ ആരോപണങ്ങള്‍ നിരസിക്കുകയും അവ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടാതെ, ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജാരാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അതേസമയം, ഇന്ത്യയുടെ വിദേശ ഇടപെടല്‍ ആരോപിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ട്രൂഡോയുടെ അനുമതി തനിക്ക് ആവശ്യമില്ലെന്ന് നതാലി കോമണ്‍സ് പബ്ലിക് സേഫ്റ്റി കമ്മറ്റിയെ അറിയിച്ചു. കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യത്തില്‍ നതാലിയെ പിന്തുണച്ചു. ഇന്ത്യ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ വിദേശ ഇടപെടല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കാനഡയുടെ ഭാഗം ഒരു പ്രധാന യുഎസ് പ്രസിദ്ധീകരണത്തിന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ താനും മോറിസണും ചേര്‍ന്ന് ആവിഷ്‌കരിച്ച തന്ത്രത്തിൻ്റെ ഭാഗമായാണ് വാഷിംഗ്‌ടൺ പോസ്റ്റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് നതാലിയ പറഞ്ഞു.
ഇതിനോട് പ്രതികരിച്ച് മുന്‍ പഞ്ചാബ് ഡിജിപി ശശികാന്ത് ശര്‍മ രംഗത്തെത്തി. ഇന്ത്യക്കെതിരായ കനേഡിയന്‍ ആരോപണങ്ങളെ രാഷ്ട്രീയ കുതന്ത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തെളിവുകളൊന്നുമില്ലാതെ ന്യൂഡല്‍ഹിക്കെതിരേ കുറ്റം ചുമത്തിയതിന് കാനഡയെ അദ്ദേഹം വിമര്‍ശിച്ചു. ഇതെല്ലാം രാഷ്ട്രീയ കരുനീക്കമാണെന്നും അടുത്ത വര്‍ഷം കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ശര്‍മ്മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്‌തു.
വ്യക്തമായ തെളിവ് ഹാജരാക്കാതെ കാനഡ
നിജ്ജറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഇല്ലെന്ന് ട്രൂഡോ അറിയിച്ചിരുന്നു. 2023 ജൂണില്‍ നിജ്ജറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്ന് ആര്‍സിഎംപി പറഞ്ഞതിന് പിന്നാലെയാണ് ട്രൂഡോ ആരോപണം ഉന്നയിച്ചത്. ട്രൂഡോയുടെ അവകാശവാദങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞിരുന്നു. ഇത് കാനഡയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കിയിരുന്നു.























