| എമ്മെസ് ഷൈജു
ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ പ്രത്യേകിച്ച് വികാരം ഒന്നും തോന്നുന്നില്ല. കാരണം ഇന്ത്യയിലെ ക്രിയാത്മക പ്രതിപക്ഷമാകാനോ ഇന്ത്യ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടാനോ ഉള്ള അകക്കാമ്പോ പ്രത്യയശാസ്ത്ര കരുത്തോ ആ പാർട്ടിക്കില്ല എന്നത് തന്നെ.
നെഹ്റു എന്ന വിഷനറിമാൻ ഉയർത്തിയ പ്രഭാവത്താലും പിന്നീട് സവർണ, മൃദു ഹിന്ദുത്വയുടെ മൂട് താങ്ങി രൂപപ്പെടുത്തിയ അധികാരത്താലും മാത്രമാണ് അത് കുറെക്കാലം കൂടി പിടിച്ച് നിന്നത്. സ്വന്തമായി ഒരു പ്രത്യയാശാസ്ത്രമോ ലോക വീക്ഷണമോ പോലും ആ പാർട്ടിക്ക് ഇല്ലാതെ പോയി.
ഫലവത്തായ ഒരു ആൻ്റി ഫാഷിസ്റ്റ് രാഷ്ട്രീയ സഖ്യം രാജ്യത്ത് രൂപപ്പെടുന്നതിനുള്ള പ്രധാന തടസ്സം പോലും ‘ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും’ എന്ന മട്ടിലുള്ള കോൺഗ്രസ് പാർട്ടിയുടെ കിടപ്പാണ്. രാഹുൽ ഗാന്ധി ഇപ്പൊൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്രക്ക് ശേഷം കോൺഗ്രസിൻ്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനമുണ്ടാകും.
നെഹ്റു കുടുംബം നേതൃത്വത്തിൽ നിന്ന് പിൻവാങ്ങും. പാർട്ടി ഏറ്റവും ദുർബലമായി മാറിയ, ഒരു പ്രതീക്ഷയും അവസാനിപ്പിക്കാത്ത ഈയൊരു ഘട്ടത്തിലുളള ആ പിൻമാറ്റത്തോടെ പിന്നീട് എന്താകും അതിൻ്റെ അവസ്ഥ എന്ന് പ്രവചിക്കാൻ പോലും കഴിയില്ല.
‘ഗുലാം നബിയല്ല, അതിലും വലിയവർ പോയിട്ടുണ്ട്, ഗുലാം നബിയാണോ കോൺഗ്രസ്, എല്ലാം നേടിയിട്ട് പോകുന്ന നന്ദിയില്ലാത്ത ആർത്തി പണ്ടാരം’ തുടങ്ങിയ ക്ലീഷേ മറുപടികളുമായ് വരുന്ന സൈബർ കോൺഗ്രസുകാർ അറിയാൻ. അവസാന നേതാവിനെപ്പോലും തെറി വിളിച്ച് മടക്കി അയക്കേണ്ട ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അന്ധമായ ഇടത് പക്ഷ വിരോധവും സി പി എം വിരോധവും കുത്തി വെച്ച് കേരളത്തിലെ സൈബർ കോൺഗ്രസ്സിനെ വളർത്തുന്ന പോലെ ലഘുവല്ല കോൺഗ്രസിൻ്റെ കാര്യങ്ങൾ. ഇനി എന്നാണ് കോൺഗ്രസുകാർ ശശി തരൂരിനെ ചീത്ത വിളിക്കുന്നത് എന്നാണ് ഇപ്പോൾ ഉറ്റ് നോക്കുന്നത്.























