ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി സെർച്ച് ഇനി മുതൽ എല്ലാ ഉപയോക്താക്കൾക്കും സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ലഭ്യമാക്കുന്നതായി കമ്പനി അറിയിച്ചു. മുമ്പ് ഈ ഫീച്ചർ പണമടച്ചുള്ള വരിക്കാർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. നിലവിൽ ചാറ്റ്ജിപിടി അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിൻ സൗജന്യമായി ഉപയോഗിക്കാം. കൂടാതെ ചാറ്റ്ജിപിടിയെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
ഓപ്പൺ എഐ ആദ്യമായി 2024 നവംബറിലാണ് ചാറ്റ്ജിപിടി സെർച്ച് എഞ്ചിൻ അവതരിപ്പിച്ചത്. സെർച്ച് എഞ്ചിൻ തുടർന്നും വികസിപ്പിക്കുകയും വിപുലമായ വോയ്‌സ് മോഡിലേക്കും മാറ്റുകയും ചെയ്യുമെന്ന് ലോഞ്ച് സമയത്ത് കമ്പനി അറിയിച്ചിരുന്നു. ആ വാഗ്ദാനങ്ങൾ പാലിച്ചാണ് ഇപ്പോൾ സെർച്ച് എക്കാലത്തുമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയത്.
ഗൂഗിള്‍ പോലുള്ള പരമ്പരാഗത സെർച്ച് എഞ്ചിനുകൾക്ക് എഐ അധിഷ്ഠിത ബദൽ നൽകുന്ന ശ്രമമായാണ് ഓപ്പൺ എഐയുടെ ഈ നീക്കം വിലയിരുത്തുന്നത്. ചാറ്റ്ജിപിടി ഇപ്പോൾ ലൈവ് വീഡിയോ, സ്‌ക്രീൻ ഷെയറിങ് സെറ്റിംഗുകൾ ഉൾപ്പെടുന്ന വിപുലമായ വോയ്‌സ് മോഡും അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ് വിൻഡോയുടെ ഇടതുവശത്ത് കാണുന്ന വീഡിയോ ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വീഡിയോ ആരംഭിക്കാനാകും. സ്‌ക്രീൻ ഷെയറിംഗിനായി ത്രീ- ഡോട്ട് മെനുവിൽ “സ്‌ക്രീൻ ഷെയർ ചെയ്യുക” ഓപ്ഷനും നൽകുന്നുണ്ട്.
ഐഒഎസ്, ആൻഡ്രോയ്‌ഡ് ആപ്പുകളിലെ പുതിയ ഫീച്ചർ ഇപ്പോൾ ആക്‌സസ് ചെയ്യാവുന്നതാണ്. ജനുവരി മുതൽ ചാറ്റ്ജിപിടി എന്റർപ്രൈസ്, എഡ്യൂ വരിക്കാർക്കും ഇത് ലഭ്യമാക്കും. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളിൽ ചാറ്റ്ജിപിടിയുടെ വിപുലമായ വോയ്‌സ് മോഡ് ഇപ്പോൾ ലഭ്യമല്ല.