പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വനിതാ നിർമ്മാതാവിൻ്റെ തുറന്ന കത്ത്. സിനിമാ നിർമ്മാണ മേഖല സ്ത്രീ വിരുദ്ധമെന്നും, സിനിമാ നിർമ്മാണ മേഖലയിൽ പവർ ഗ്രൂപ്പ് ശക്തം എന്നും നിർമാതാവ് ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ‘ഫിയോക്കി‘ ന് വേണ്ടി നിലനിൽക്കുന്നു എന്നും പ്രശ്‌നം പരിഹരിക്കാൻ വിളിച്ച ശേഷം താൻ അപമാനിക്കപ്പെട്ടു എന്നും നിർമാതാവ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് തുറന്ന കത്ത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ സ്ത്രീത്വത്തെ അപമാനിച്ചു. പരാതി നൽകിയതിന് ശേഷം മാനസികമായി തകർക്കുന്നു എന്നും നിർമാതാവ്.
ഈ മാസത്തിൻ്റെ തുടക്കത്തിൽ വനിതാ നിർമ്മാതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ സിനിമാ പ്രവർത്തകർക്കെതിരായ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും എറണാകുളം സെൻട്രൽ പൊലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്‌തതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
ഐപിസി സെക്ഷൻ 354 (സ്ത്രീയുടെ മാന്യതയെ ഹനിക്കാൻ ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ വാക്കുകൾ അല്ലെങ്കിൽ ആംഗ്യങ്ങൾ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.























