ഓപ്പറേഷന്‍ സിന്ദൂറിൻ്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ്. എക്‌സില്‍ ആണ് 54 സെക്കൻഡ് വരുന്ന വീഡിയോ പുറത്തുവിട്ടത്. ‘ആസൂത്രണം ചെയ്‌തു, പരിശീലനം നല്‍കി, നടപ്പിലാക്കി. നീതി നടപ്പാക്കി’ എന്നീ അടിക്കുറിപ്പുകളോടെ ആണ് വീഡിയോയുള്ളത്. ഓപ്പറേഷൻ സിന്ദൂറിൽ വെസ്റ്റേൺ കമാൻഡിൻ്റെ പങ്ക് ഉൾക്കൊള്ളിച്ച വീഡിയോ ആണിത്.
സൈനിക ഉദ്യോഗസ്ഥരും സൈനികരും ആത്മവിശ്വാസത്തോടെ ഓപ്പറേഷന്‍ സിന്ദൂരിൻ്റെ വിജയം വിവരിക്കുന്നത് വീഡിയോയിലുണ്ട്. പ്രതികാരമല്ല, നീതി നടപ്പാക്കണമായിരുന്നു എന്ന് അവര്‍ വീഡിയോയില്‍ പറയുന്നത് കാണാം. പഹല്‍ഗാം ഭീകര ആക്രമണത്തോടെ ആണ് ആരംഭം. നിരപരാധികളുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുള്ള ആഗ്രഹമായിരുന്നു ഓപ്പറേഷൻ.
ഭാവി തലമുറകള്‍ക്ക് മറക്കാന്‍ കഴിയാത്ത പാഠം പാകിസ്ഥാനെ പഠിപ്പിച്ചു. ഞങ്ങളുടെ പോസ്റ്റുകളില്‍ വെടിവയ്പ്പ് നടത്തിയ പാകിസ്ഥാന്‍ സൈന്യത്തിൻ്റെ പിക്കറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു. ശത്രുപക്ഷത്തെ സൈനികര്‍ സ്വന്തം പോസ്റ്റുകള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ പഠിക്കാത്ത ഒരു പാഠമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും സൈനികർ പറയുന്നതായി വീഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കമാന്‍ഡിൻ്റെ കമാന്‍ഡര്‍ ലെഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സൈനികരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തിരുന്നു. വീഡിയോ കാണാം: