19 May 2024

പത്മജ ബിജെപിയിലേക്ക്; തമാശകളും, ട്രോളുകളും മാറ്റി നിർത്തിയാൽ അണിയറയിൽ നടക്കുന്ന രാഷ്ട്രീയാലോചനകൾ ഗൗരവമുള്ളതാണ്

തിരഞ്ഞെടുപ്പടുക്കുമ്പോൾ കരുണാകരന്റെ മകളായ പത്മജയെ കോൺഗ്രെസിൽ നിന്ന് വലിച്ചതും അതിനുമെത്രയോ മുൻപ് ആന്റണിയുടെ മകൻ അനിലിനെ അങ്ങോട്ട് കൊണ്ട് പോയതുമൊക്കെ അവരുടെ വളർച്ചയ്‌ക്ക് വേണ്ടിയാണ്, അഥവാ കോൺഗ്രസിനെ തകർക്കാൻ വേണ്ടി മാത്രമാണ്.

| ശരണ്യ എം ചാരു

പത്മജ വേണുഗോപാൽ അല്ല, കോൺഗ്രെസിൽ നിന്ന് ആരൊക്കെ ബിജെപിയിലേക്ക് പോയാലും അതൊക്കെ ബിജെപിയുടെ വളർച്ചയ്ക്ക് നിർണ്ണായകമാകുന്ന ഘടകങ്ങൾ ആണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കോൺഗ്രെസിനെ തകർത്തു കൊണ്ട് മാത്രമേ ദേശീയ തലത്തിൽ ആയാലും കേരളത്തിൽ ആയാലും ബിജെപിക്ക് വളരാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യമറിഞ്ഞുള്ള കളിയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

തിരഞ്ഞെടുപ്പടുക്കുമ്പോൾ കരുണാകരന്റെ മകളായ പത്മജയെ കോൺഗ്രെസിൽ നിന്ന് വലിച്ചതും അതിനുമെത്രയോ മുൻപ് ആന്റണിയുടെ മകൻ അനിലിനെ അങ്ങോട്ട് കൊണ്ട് പോയതുമൊക്കെ അവരുടെ വളർച്ചയ്‌ക്ക് വേണ്ടിയാണ്, അഥവാ കോൺഗ്രസിനെ തകർക്കാൻ വേണ്ടി മാത്രമാണ്.

ഈ തിരഞ്ഞെടുപ്പിൽ പത്മജയോ, അനിലോ ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥിയാകുമോ ജയിക്കുമോ എന്നതല്ല, മനസ്സിലാക്കിയത് ശെരിയാണെങ്കിൽ ആ ജയം ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്ന ഒന്നേ അല്ല. അക്കൗണ്ട് തുറക്കുക എന്നതിൽ കവിഞ്ഞതൊന്നും ഇത്തവണ ബിജെപി കേരളത്തിൽ പ്രതിക്ഷിക്കുന്നതായി തോന്നിയിട്ടില്ല, ഇവരെ രണ്ട് പേരെ കൊണ്ടും അതിന് സാധിക്കില്ലെന്നും അവർക്കറിയും. പിന്നെ ഈ കാണിക്കുന്നതൊക്കെ എന്തിനാണെന്ന് ചോയ്ച്ചാൽ ഇതൊരു കളമൊരുക്കലാണെന്നാണ് ഉത്തരം.

ആന്റണിയുടെ മകൻ, ലീഡറിന്റെ മകൾ എന്നതൊരു പ്രിവിലേജ് ആണ്. ആ പേരിനൊപ്പം, ആ മനുഷ്യർക്കൊപ്പം നിൽക്കുന്ന താഴെ തട്ടിലുള്ള കോൺഗ്രെസ് നേതാക്കളെ പോലും ആശയക്കുഴപ്പത്തിലാക്കി വളരെ പതിയെ കോൺഗ്രസിനെ തകർത്താൽ പിന്നെ അവർക്ക് കേരളത്തിലെ കളികൾ ഇപ്പോഴുള്ളതിനേക്കാൾ എളുപ്പമാകും. ശേഷം കമ്മ്യൂണിസ്റ്റുകൾക്ക് നേരെ തിരിയും. ബിജെപിയും ഇടതുപക്ഷവും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകും.

പത്മജ ബിജെപിയിലേക്ക് പോകുന്നതിനെതിരായ തമാശകളും, ട്രോളുകളുമൊക്കെ മാറ്റി നിർത്തിയാൽ അണിയറയിൽ നടക്കുന്ന രാഷ്ട്രീയാലോചനകൾ ഗൗരവമുള്ളതാണ്. വെറും ഏഴര കൊല്ലമേ ആയിട്ടുള്ളൂ കോൺഗ്രെസിന് കേരളത്തിൽ ഭരണം നഷ്ടപ്പെട്ടിട്ട്. അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ ഇനി ഒരു തവണ കൂടി ഇടതുപക്ഷത്തിന് ഭരണ തുടർച്ച ഉണ്ടായാൽ അതിനെ അതിജീവിക്കാൻ ഇന്നാട്ടിലെ കോൺഗ്രെസ് ശേഷിക്കുമെന്ന് ഞാൻ വിചാരിക്കുന്നതേയില്ല.

കോൺഗ്രെസ് തകർന്നാൽ, അത് കേന്ദ്രത്തിൽ ആയാലും കേരളത്തിൽ ആയാലും ബിജെപി വളർച്ചയ്ക്കുള്ള വളമാണ്. വീടുകൾ പൊളിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം മേൽക്കൂര പൊളിക്കും, പെട്ടെന്ന് ഇളക്കി എടുക്കാൻ കഴിയുന്ന ഓട്, ഷീറ്റ്, വാരി, മരമൊക്കെ നീക്കും. പിന്നെ ചുവര് പൊളിക്കും, ഏറ്റവും അവസാനമാണ് അടിത്തറ തകർക്കുന്നത്. മേൽക്കൂരയും ചുവരും നഷ്ടപ്പെടുന്നതോടെ അടിത്തറ ഇളകി തുടങ്ങി കാണും. സിംപിൾ ആയിട്ട് പറഞ്ഞാൽ അതേ ആ രീതിയാണ് ഇതും… അപ്പോഴും പക്ഷെ നമുക്കാണെങ്കിൽ കോൺഗ്രസ് തകരാതിരിക്കാൻ ഒന്നുമേ ചെയ്യാൻ കഴിയുകയുമില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News