പാക്കിസ്ഥാൻ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധം എന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:
മർകസ് അഹ്‌ലെ ഹദീസ് ബർണാല, ലഷ്‌കർ- ഇ- തൊയ്ബ, ഭീംബർ ജില്ല, പാകിസ്ഥാൻ അധിനിവേശ ജമ്മു കാശ്‌മീർ (PoJK)
ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ് പാക് അധീന കശ്മീരിലെ എൽഇടിയുടെ പ്രധാനപ്പെട്ട മർകസുകളിൽ ഒന്നാണ്. ഇത് പൂഞ്ച്- രജൗരി- റിയാസി സെക്ടറിലേക്ക് എൽഇടി തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിനും ഉപയോഗിക്കുന്നു. ബർണാല പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്. ബർണാല പട്ടണത്തിൽ നിന്ന് 500 മീറ്ററും കോട്ട് ജെമൽ റോഡിൽ നിന്ന് 200 മീറ്ററും അകലെയാണിത്.
മർകസ് അഹ്‌ലെ ഹദീസിൽ 100- 150 തീവ്രവാദികളെ ഉൾക്കൊള്ളാൻ കഴിയും. സാധാരണയായി 40- 50 തീവ്രവാദികൾ ഈ മർകസിൽ ഉണ്ടാകാറുണ്ട്, ഇവിടെ നിന്ന് സംഘടിപ്പിക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നതിന് മുമ്പ് ലഷ്‌കർ- ഇ- തൊയ്ബ തീവ്രവാദികളുടെ ഒരു വേദിയായി ഈ മർകസ് ഉപയോഗിക്കുന്നു.
ലഷ്‌കർ ഭീകരരായ ഖാസിം ഗുജ്ജാർ എന്ന മഹ്രോർ, ഖാസിം ഖണ്ഡ, അനസ് ജരാർ എന്നിവർ ഈ മർകസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. സമീപത്ത് തന്നെയാണ് താമസിക്കുന്നത്. മുഹമ്മദ് അമിൻ ബട്ട് എന്ന ഖുബൈബ് പതിവായി മർകസിൽ സന്ദർശനം നടത്തുന്നു. ഖാസിം ഗുജ്ജാറിനെയും ഖുബൈബിനെയും ഇന്ത്യയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അഥവാ യുഎപിഎ പ്രകാരം കുറ്റക്കാരായി കണക്കാക്കിയിട്ടുണ്ട്.
സൈഫുള്ള സാജിദ് ജട്ട്, അബു ഖതൽ സിന്ധി (2025 മാർച്ചിൽ കൊല്ലപ്പെട്ടു) എന്നിവർ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തു. 2023 ജനുവരി ഒന്നിന് രജൗരിയിലെ ധാൻഗ്രിയിൽ ഏഴ് സിവിലിയന്മാർ കൊല്ലപ്പെട്ട ആക്രമണം, 2024 ജൂൺ 9ന് റിയാസിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലഷ്‌കർ- ഇ- തൊയ്ബ, ജമാഅത്ത്- ഉദ്- ദവ, ജമ്മു കാശ്‌മീർ യുണൈറ്റഡ് മൂവ്‌മെന്റ് എന്നിവയുടെ ഭീകര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ലഷ്‌കർ- ഇ- തൊയ്ബ, ജെയുഡി നേതാക്കളും ഈ മർകസ് സന്ദർശിക്കുന്നു.
പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.