കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി എറണാകുളം സിബിഐ കോടതി പ്രസ്‌താവിച്ചു. പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കും ആണ് ഇരട്ട ജീവപര്യന്തം. 14, 20,21, 22 പ്രതികൾക്ക് അഞ്ചു വർഷം തടവ്.
മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്കാണ് അഞ്ചുവർഷം തടവ്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
എ.പീതാംബരന്‍ (സിപിഎം മുൻ പെരിയ എൽസി അംഗം), സജി സി.ജോര്‍ജ് (സജി), കെ.എം സുരേഷ്, കെ.അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍.ശ്രീരാഗ് (കുട്ടു),എ.അശ്വിന്‍ (അപ്പു), സുബീഷ് (മണി) ഇവരാണ് ഒന്നുമുതൽ ഏട്ടുവരെയുള്ള പ്രതികൾ. ടി. ഞ്ജിത്ത് (അപ്പു) (10), എ.സുരേന്ദ്രന്‍ (വിഷ്‌ണു സുര) (15) എന്നിവരാണ് ഇരട്ട ജീവപര്യന്തം ലഭിച്ച മറ്റ് പ്രതികൾ.
14, 20, 21, 22 പ്രതികളായ കെ.മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), കെ.വി കുഞ്ഞിരാമന്‍ (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ.വി ഭാസ്‌കരൻ എന്നിവർക്ക് അഞ്ചുവർഷം ശിക്ഷയാണ് വിധിച്ചത്. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്നും പ്രതിഭാഗം വാദിച്ചിരുന്നു.
കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. പത്ത് പ്രതികളെ വെറുതെ വിട്ടിരുന്നു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു. 9,11,12,13,16,18,17,19, 23,24 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
ഇടതുമുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്ത് നിന്നും പാറശ്ശാലയിൽ നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടത്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രദീപ് കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയ ശേഷമാണ് കേസ് സിബിഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളിൽ 154 സാക്ഷികളെയാണ് സിബിഐ കോടതി വിസ്‌തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിന് ആധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
നേതാക്കൾ ഉൾപ്പെടെ എട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽ നിന്ന് പുറത്തുവന്നിട്ടില്ല. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങും മുമ്പേ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സിബിഐ കോടതിയിൽ നടന്നത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.