കോൾഡ്രിഫ് ചുമ സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ ഉടമ എസ് രംഗനാഥനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്‌തതായി വ്യാഴാഴ്‌ച പോലീസ് അറിയിച്ചു. ഇരുപത് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ ഇരുപത് കുട്ടികൾ മരിച്ചതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ല ബുധനാഴ്‌ച അറിയിച്ചു. ഈ 20 കുട്ടികളിൽ 17 പേർ ചിന്ദ്വാര ജില്ലയിൽ നിന്നുള്ളവരും, രണ്ട് പേർ ബേതുൽ ജില്ലയിൽ നിന്നുള്ളവരും, ഒരാൾ പാണ്ഡുർന ജില്ലയിൽ നിന്നുള്ളവനുമാണ്.
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച കേസിൽ ജയിലിലടച്ച സർക്കാർ ഡോക്ടർ പ്രവീൺ സോണിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച ചിന്ദ്വാര ജില്ലയിൽ ഒരു കൂട്ടം ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രതിനിധികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ചിന്ദ്‌വാരയിലെ പരേഷ്യയിലെ സിവിൽ ആശുപത്രിയിലെ സർക്കാർ ശിശുരോഗ വിദഗ്‌ദനാണ് ഡോക്ടർ സോണി. തിങ്കളാഴ്‌ച അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഉറവിടം: പിടിഐ -എഡിറ്റ് ചെയ്‌ത ഭാഗം























