സൗര നിരീക്ഷണത്തില്‍ വമ്പന്‍ നേട്ടം സ്വന്തം ആക്കിയിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും ചേര്‍ന്ന നടത്തിയ ദൗത്യം. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, സൂര്യൻ്റെ ദക്ഷിണ ധ്രുവത്തിൻ്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജോയിന്റ് സോളാര്‍ ഓര്‍ബിറ്റര്‍ മിഷനിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂണ്‍ 11ന് പുറത്ത് വിട്ട ഈ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ സൂര്യനെ കുറിച്ചുള്ള അസാമാന്യമായ പുതിയ ധാരണകളിലേക്കാണ് വെളിച്ചം വീശുന്നത്.
മുന്‍ ദൗത്യങ്ങളായ സോളാര്‍ ആന്‍ഡ് ഹീലിയോസ്‌പെറിക്ക് ഒബ്‌സര്‍വേറ്ററിയും സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയും ഭൂമിയും മറ്റ് ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്ന പ്രതലത്തില്‍ നിന്ന് മാത്രമാണ് സൂര്യനെ ദര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ മാര്‍ച്ച് 23ന് സോളാര്‍ പ്രതലത്തിന് മുകളിലായി 17 ഡിഗ്രി ആംഗിളിലെത്തിയാണ് സോളാര്‍ ഓര്‍ബിറ്റര്‍ ഇതുവരെ ലഭിക്കാത്ത വ്യക്തമായ ദക്ഷിണ ധ്രുവത്തിൻ്റെ ചിത്രം പകര്‍ത്തിയെടുത്തത്.
എക്‌സ്ട്രീം അള്‍ട്രാവൈലറ്റ് ഇമേജര്‍ കൊറോണയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഒരു മില്യണ്‍ ഡിഗ്രി സെല്‍ഷ്യസ് താപനിലവരെ എത്തുന്ന സൂര്യൻ്റെ പുറത്തെ പാളിയുടെ ചിത്രമാണ് ചരിത്ര ദൗത്യത്തിൻ്റെ ഭാഗമായി പകര്‍ത്താന്‍ സാധിച്ചിരിക്കുന്നത്.
ഉത്തര- ദക്ഷിണ കാന്തിക വലയങ്ങള്‍ ഇരപിഴഞ്ഞു കിടക്കുന്ന സൂര്യൻ്റെ ദക്ഷിണ ധ്രുവത്തില്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള കാന്തിക പ്രവര്‍ത്തനങ്ങളാണ്. പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ സൂര്യനില്‍ സംഭവിക്കുന്ന ഈ കാന്തിക പ്രതിഭാസത്തിൻ്റെ ഭാഗമായി സണ്‍ സ്‌പോട്ടുകള്‍, സോളാര്‍ ഫ്ളെെയര്‍, കൊറോണല്‍ മാസ് ഇന്‍ജക്ഷന്‍സ് എന്നീ സൗര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുണ്ട്.
സൂര്യൻ്റെ ആഴത്തിലുള്ള നിഗൂഡതയിലേക്കുള്ള ആദ്യത്തെ സൂചനയാണ് ഇതെന്നാണ് ഡയറക്ടര്‍ പ്രൊഫസര്‍ കാരോള്‍ മാണ്ഡല്‍ അഭിപ്രായപ്പെട്ടത്. 1.3 ബില്യണ്‍ ഡോളര്‍ മുടക്കി 2020ല്‍ വിക്ഷേപിച്ച ദൗത്യമാണ് വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.























