മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ പതിനെട്ടാം പടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ നടപ്പാക്കും. പതിനെട്ടാം പടി ചവിട്ടി എത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ചുവട്ടിൽ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താവുന്ന തരത്തിലാണ് പുതിയ സംവിധാനം.
ബലിക്കല്ലിൻ്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് മാറ്റുന്നത്. പുതിയ സംവിധാനത്തിനായുള്ള പ്ളാറ്റ്ഫോമിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കിഴക്കേ മണ്ഡപത്തിൻ്റെ വാതിൽ മുതൽ സോപാനം വരെ രണ്ടുവരികളായി കയറിപ്പോകാനുള്ള തരത്തിലാണ് പ്ളാറ്റ്ഫോമിൻ്റെ നിർമ്മാണം. രണ്ട് വരികളെ വേർതിരിക്കാൻ കാണിക്ക വഞ്ചിയും നിർമ്മിക്കും. ഉടൻ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
15 മീറ്റർ വരുന്ന പുതിയ സംവിധാനം വഴി തീർത്ഥാടകർക്ക് കുറഞ്ഞത് 30 സെക്കൻഡ് അയ്യപ്പ ദർശനം നടത്തി സുഗമമായി നടന്നു നീങ്ങാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്കുകൂട്ടൽ. ഇരുമുടിക്കെട്ടില്ലാതെ വരുന്ന തീർഥാടകരെയും വടക്കുഭാഗത്ത് കൂടി ഇതേ ക്യൂവിലേക്ക് കടത്തിവിട്ട് ദർശനമൊരുക്കും. പോലീസിന് തീർത്ഥാടകരെ നിയന്ത്രിക്കാനായി നിൽക്കുന്നതിന് കിഴക്കേ മണ്ഡപത്തിൽ വലത് ഭാഗത്തുള്ള അഴികൾ പൊളിച്ച് ഉള്ളിലേക്ക് മാറ്റും.
വരികൾക്ക് ഇടയിലായി നിർമിക്കുന്ന കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്ന പണം കൺവേയർ ബെൽറ്റിലൂടെ പഴയ ഭണ്ഡാരത്തിൽ എത്തുന്ന തരത്തിലാണ് ബന്ധിപ്പിക്കുക. എല്ലാ തീർത്ഥാടകർക്കും തിരുമുമ്പിലുള്ള വഞ്ചിയിൽ കാണിക്ക നിക്ഷേപിക്കാനാകുന്ന തരത്തിലാണ് പുതിയ സംവിധാനത്തിൽ ഒരുക്കുന്നത്.