ഇന്ത്യയുടെ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നാവിക സേന അധികൃതർ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വെളളിയാഴ്‌ച രാത്രി 9.15 ഓടെയാണ് നാവിക ആസ്ഥാനത്തെ ലാന്റ് ഫോണിലേക്ക് ഐഎൻഎസ് വിക്രാന്തിൻ്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള ഫോൺ കോൾ എത്തിയത്.
രാഘവൻ എന്ന പേരും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് എന്നും പറഞ്ഞാണ് വിവരങ്ങൾ അറിയാൻ ശ്രമിച്ചത്. നിലവിൽ ഐഎൻഎസ് വിക്രാന്ത് എവിടെയാണ് വിന്യസിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചായിരുന്നു അജ്ഞാത ഫോൺകോൾ എത്തിയത്. സൈബർ പൊലീസ് വിഭാഗത്തിൻ്റെ സഹകരണത്തോടെ അന്വേഷണം പുരോഗമിച്ചു വരികയാണ്.