...
Home Entertainments ‘വെള്ളം’ റിലീസ് ചെയ്ത് ഒരു വർഷം; ആസ്വാദകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രജേഷ് സെൻ

‘വെള്ളം’ റിലീസ് ചെയ്ത് ഒരു വർഷം; ആസ്വാദകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രജേഷ് സെൻ

ഓരോ ദിവസവും ഒരു വിളിയോ മെസേജോ കിട്ടാതിരുന്നിട്ടില്ല. ചിലരുടെയെങ്കിലും ജീവിതത്തിൽ ഒരു തിരിച്ചറിവ് ഉണ്ടാക്കുന്നതിന് ' വെള്ളം' നിമിത്തമായതിൽ വലിയ സന്തോഷമുണ്ട്

352

| പ്രജേഷ് സെൻ

കൊവിഡ് അതിന്റെ രൗദ്ര രൂപം പുറത്തെടുക്കുന്നതിന് തൊട്ടു മുൻപാണ് ‘ വെള്ളം’ ഷൂട്ട് ചെയ്തത്. ജോലികളെല്ലാം പൂർത്തിയാക്കി ഏപ്രിലിൽ വിഷു ചിത്രമായി ഇറക്കാമെന്നായിരുന്നു ധാരണ. എന്നാൽ അപ്രതീക്ഷിതമായി ലോക് ഡൗൺ വന്നു. ലോകം തന്നെ നിശ്ചലമായി. പൂർത്തിയായ ചില സിനിമകൾ ഒടി ടി റിലീസ് ചെയ്തു.

എന്ത് ചെയ്യണമെന്നറിയാതിരുന്ന , സമ്മർദ്ദത്തിന്റെ, പ്രതിസന്ധികളുടെ മാസങ്ങൾ . കൊവിഡിനെ അതിജീവിച്ച് എല്ലാ മേഖലകളും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. അപ്പോഴും തീയറ്ററുകൾ അടഞ്ഞു ‘തന്നെ കിടന്നു. സിനിമാ മേഖലയാകെ തകർന്നു പോകുമെന്ന അവസ്ഥയിലാണ് തിയറ്ററുകൾ തുറക്കാൻ തീരുമാനമായത്. മറ്റ് ചില സിനിമകൾ പിൻമാറിയതോടെ ‘വെള്ളം’ റിലീസ് ചെയ്യാമെന്ന് നിർമാതാക്കൾ അറിയിച്ചു. അപ്പോഴും ആശങ്കകൾ ബാക്കിയായിരുന്നു. പക്ഷേ സർക്കാരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും മാധ്യമങ്ങളും എല്ലാവരും ഒറ്റക്കെട്ടായി പിന്തുണച്ചു. അങ്ങനെ കഴിഞ്ഞ ജനുവരി 22 ന് ലോക് ഡൗണിന് ശേഷം ആദ്യ തിയറ്റർ റിലീസായി വെള്ളമെത്തി.

പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് വെള്ളം മുരളിയെ ചേർത്തു പിടിച്ചത്. 75 ദിവസത്തിനടുത്ത് ‘ വെള്ളം’ തിയറ്ററിൽ കളിച്ചു. സിനിമാ ആസ്വാദകരുടെ ഓരോരുത്തരുടെയും പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുകയാണ്. ഒപ്പം വലിയൊരു റിസ്ക് എടുക്കാൻ തയ്യാറായ നിർമാതാക്കളോടും അത് സാധ്യമാക്കുന്നതിനായി കൂടെ നിന്ന വെള്ളം ടീമിലെ ഓരോരുത്തരോടും നിറഞ്ഞ സ്നേഹം. ‘മുരളി’യായി ജീവിച്ച പ്രിയപ്പെട്ട ജയേട്ടന് രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരം കൂടിയായി.

ക്യാപ്റ്റനും വെള്ളവും ഞങ്ങൾ രണ്ട് പേരുടെയും കരിയറിനെ തന്നെ അടയാളപ്പെടുത്തുന്നതിൽപരം സന്തോഷം വേറെയുണ്ടോ? ഒപ്പം ആകാശമായവളേ ഷഹബാസിന്റെ സ്വരമാധുരിയിൽ ഇപ്പോഴും ആസ്വാദകരുടെ ഇഷ്ടപ്പെട്ട പാട്ടായി തുടരുന്നു.. ഇന്നിപ്പോൾ വെള്ളം റിലീസ് ചെയ്ത് ഒരു വർഷമായിരിക്കുകയാണ്. ഓരോ ദിവസവും ഒരു വിളിയോ മെസേജോ കിട്ടാതിരുന്നിട്ടില്ല.
ചിലരുടെയെങ്കിലും ജീവിതത്തിൽ ഒരു തിരിച്ചറിവ് ഉണ്ടാക്കുന്നതിന് ‘ വെള്ളം’ നിമിത്തമായതിൽ വലിയ സന്തോഷമുണ്ട്.

ചിത്രം കണ്ടവർക്കെല്ലാം ചിരപരിചിതനായ ഒരു ‘മുരളി’യെക്കുറിച്ചെങ്കിലും പറയാനുണ്ടായിരുന്നു. മുരളി നമുക്കിടയിൽ തന്നെ ജീവിക്കുന്ന ആളായതു കൊണ്ടു തന്നെയാണത്. ഇന്നിപ്പോൾ കൊവിഡ് പുതിയ രൂപത്തിൽ വീണ്ടും ഗുരുതര സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടിലൊരാൾക്ക് രോഗം എന്നത് ഭീതിതമായ അവസ്ഥയാണ്, പക്ഷേ അതിജീവിച്ചേ മതിയാകൂ. കരുതലോടെ ശ്രദ്ധയോടെ മുന്നോട്ട് പോകാം.

ജയേട്ടനും മഞ്ജു വാര്യർക്കും ഒപ്പമുള്ള, ബി.രാകേഷേട്ടൻ നിർമിച്ച പുതിയ ചിത്രം മേരി ആവാസ് സുനോയും , കൊവിഡ് കാലത്ത് ചിത്രീകരിച്ച സീക്രട്ട് ഓഫ് വിമണും ജോലികൾ പൂർത്തിയാക്കി റിലീസ് കാത്തിരിക്കുകയാണ്. ഒപ്പം വലിയ സന്തോഷമായ, ആർ.മാധവൻ സാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ‘റോക്കട്രി- ദ നമ്പി എഫക്ട്’ ഏപ്രിൽ ഒന്നിനും റിലീസ് ചെയ്യും. തുടർന്നും എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.

(കടപ്പാട് – ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.