ഒരു മനുഷ്യന്റെ ജീവിതത്തിൽ സമയത്തെക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. നഷ്ടപെടുത്തുന്ന ഓരോ നിമിഷത്തിനും ജീവന്റെ വിലയാണ് ഉള്ളതെന്ന് നാം പലപ്പോഴും പല സംഭവങ്ങളിലൂടെ മനസിലാക്കാറുണ്ട്. ഇത്തരത്തിൽ അടുത്തിടെ നടന്ന ഒരു സംഭവം ഏറെ കൗതുകം ജനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.
അർബുദം ബാധിച്ച ഒരു യുവതി തന്റെ അവശേഷിക്കുന്ന ജീവിതകാലം മിനിറ്റുകൾ ആക്കിത്തിരിച്ചു ലേലം ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്. സമയത്തിന്റെ മൂല്യം ആളുകളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യുന്നത്.
തീർത്തും അപ്രതീക്ഷിതമായാണ് വളരെ ആരോഗ്യവതിയായി ജീവിച്ച ഈ 31 -കാരിയുടെ ജീവിതത്തിലേക്ക് കാൻസർ കടന്നുവന്നത്. തന്റെ ജീവിതത്തിൽ അവശേഷിക്കുന്നത് എത്ര നാളാണെന്ന് അറിയില്ലെങ്കിലും ആ സമയം പൂർണമായും ക്യാൻസർ ഗവേഷണത്തെക്കുറിച്ചും സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധ്യപ്പെടുത്താനായി ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള എമിലി ലാഹേ എന്ന 31 -കാരിയാണ് NUT കാർസിനോമ എന്ന അപൂർവ തരം ക്യാൻസർ പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്. സാധാരണയായി ഈ അവസ്ഥയിലുള്ള ഒരു വ്യക്തി ആറു മുതൽ 9 മാസം വരെ മാത്രമേ ജീവിക്കുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
എന്നാൽ, ജീവിതത്തിലെ അവശേഷിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് എമിലി. ‘ടൈം ടു ലിവ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു തത്സമയ കലാസൃഷ്ടിയുടെ ഭാഗമായി എമിലി തൻ്റെ സമയത്തിൻ്റെ ഭാഗങ്ങൾ അപരിചിതർക്ക് ലേലം ചെയ്തു നൽകുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആ പ്രത്യേക സമയങ്ങളിൽ അവർ തിരഞ്ഞെടുക്കപ്പെടുന്ന അപരിചിതരുമായി ഒരുമിച്ച് സമയം ചെലവഴിക്കുന്നു. ക്യാൻസർ രോഗനിർണയം നടത്തിയ ഒരാളുമായി സമയം ചെലവിട്ടതിനു ശേഷം ആ വ്യക്തികൾക്ക് ഉണ്ടാകുന്ന വൈകാരികവും മാനസികവുമായ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മനുഷ്യരാശിയുടെ പുരോഗതിക്കായി കാൻസർ ഗവേഷണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനും ആണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.