ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതി റിജോ അറസ്റ്റിലായത് പൊലീസിൻ്റെ അന്വേഷണ മികവിനാൽ. ആർക്കും ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു പ്രതിയുടെ കവർച്ചയ്ക്ക് ശേഷമുള്ള സമീപനം. ഞായറാഴ്‌ച രാത്രിയോടെയാണ് റിജോ അറസ്റ്റിലാകുന്നത്. ആ ദിവസം പൊലീസ് എത്തുന്നതിന് മുമ്പ് കുടുംബ സമ്മേളന യൂണിറ്റിന്‍റെ കുടുംബയോഗം റിജോയുടെ വീട്ടില്‍ ചേര്‍ന്നിരുന്നു.
പ്രദേശത്താകെ പൊലീസിന്‍റെ സാന്നിധ്യം കണ്ട് ചടങ്ങിനെത്തിയ വൈദികന്‍ ‘നിറയെ പൊലീസാണല്ലോ നിങ്ങളുടെ യൂണിറ്റിലെ ആരെങ്കിലും ആകുമോ പ്രതി’ എന്ന് ചോദിച്ചിരുന്നു. പിന്നാലെ റിജോ അറസ്റ്റിലാകുന്ന കാഴ്‌ചയ്ക്കാണ് നാട്ടുകാരും കുടുംബക്കാരും സാക്ഷിയായത്. മോഷണം നടത്താനുള്ള തീയതി ആഴ്‌ചകൾക്ക് മുന്നേതന്നെ റിജോ നിശ്ചയിച്ചിരുന്നു. മാസത്തിലെ രണ്ടാം വെള്ളിയാഴ്‌ചയാണ് കവർച്ചയ്ക്കായി തിരഞ്ഞെടുത്തത്.
പോട്ട പള്ളിയിൽ മാസത്തിലെ ആദ്യ വെള്ളിയാഴ്‌ചയും അവസാന വെള്ളിയാഴ്‌ചയും പ്രാർത്ഥനകൾ ഉണ്ട്. രണ്ടാം വെള്ളിയാഴ്‌ച പള്ളിയിൽ ചടങ്ങുകൾ ഇല്ലാത്തതിനാൽ ആണ് ഈ ദിവസം തന്നെ പ്രതി തിരഞ്ഞെടുത്തത്. മദ്യപിച്ച് പണം കളയുന്ന വ്യക്തിയാണ് റിജോ. കവർച്ച നടത്തിയ രാത്രിയും പ്രതി കൂട്ടുകാരുമായി മദ്യപിച്ചിരുന്നു.