| എമ്മെസ് ഷൈജു
കെ എസ് ആർ ടി സി ജീവനക്കാരുടെ ദുരിത സമാന ജീവിതത്തിൻ്റെ ചിത്രങ്ങളാണ് ഇത്തവണത്തെ ഓണക്കാലത്തെ വരവേറ്റത്. കൃത്യമായ ശമ്പളമോ അടുത്തൂൺ പറ്റി വിശ്രമ ജീവിതം നയിക്കുന്നവർക്ക് പെൻഷനോ നൽകാതെ മാനേജ്മെൻ്റ് അവരെ തൃശങ്കുവിൽ നിർത്തിക്കളഞ്ഞു. ഭാവി ജീവിതത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയും അരാജക ബോധവും ഈ ജീവനക്കാരിൽ രൂപപ്പെട്ടിട്ടുണ്ട്.
മറ്റ് സാധ്യതകൾ തേടാൻ പരമാവധി സാധിക്കുന്നവരോക്കെ അത് തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളിലെ ഒരത്താണിയായിരുന്ന കെ എസ് ആർ ടി സിയിലേക്ക് ഇനിയൊരു റിക്രൂട്ട്മെൻ്റ് നടക്കാൻ ഒരു സാധ്യതയും കാണാത്ത വിധം ആ പ്രസ്ഥാനത്തിൻ്റെ തൊഴിൽ സാധ്യതകളിൻമേൽ ഇരുൾ വീണ് കഴിഞ്ഞിരിക്കുന്നു. നിലവിൽ അതിൽ തുടരുന്ന ജീവനക്കാരുടെ ഭാവിയെന്താകുമെന്നാണ് അവരും അവരുടെ കുടുംബാംഗങ്ങളും അടക്കം കേരളം മുഴുവൻ ഉറ്റു നോക്കുന്നത്.
കെ എസ് ആർ ടി സി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ അതിലെ താഴെ തട്ടിലെ ജീവനക്കാരായി ഉണ്ടാക്കി വെച്ചതോ അവർ വിചാരിച്ചാൽ പരിഹരിക്കാൻ പറ്റുന്നതോ അല്ല. എന്നാൽ അതിലെ മിഡിൽ, അപ്പർ മാനേജ്ൻ്റുകളിൽ പെട്ടവരും യൂണിയൻ നേതൃത്വവും ഈയൊരു വിടുതൽ അർഹിക്കുന്നില്ല. അത് വേറെ ചർച്ച ചെയ്യേണ്ട അല്പം കൂടി വിശദാംശങ്ങൾ ആവശ്യമുള്ള വിഷയമാണ്. ഒന്നോ രണ്ടോ മാസത്തെ ശമ്പളം മുടങ്ങിയാൽ മുട്ട് വരാത്ത വിധം സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണ് അത്തരക്കാരിൽ ഭൂരിപക്ഷവും. എന്നാൽ സാധാരണ ജീവനക്കാർ അങ്ങനെയല്ല, ഇപ്പോഴുണ്ടായത് പോലുള്ള സാഹചര്യങ്ങൾ യഥാർത്ഥ പട്ടിണിയിലേക്കാണ് അവരെ നയിക്കുന്നത്.
സാധാരണ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകൾ ചൂണ്ടിക്കാണിച്ച് നിലവിലെ പ്രശ്നങ്ങളെ സമീകരിക്കാൻ ശ്രമിക്കുന്നതിലും കാര്യമില്ല. അത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും പ്രതികരിക്കാനും വേറെ സംവിധാനങ്ങളുണ്ട്. പൗരന്മാർക്ക് അതുപയോഗപ്പെടുത്താം.
കെ എസ് ആർ ടി സി ജീവനക്കാരോട് പൊതുജനത്തിന് വലിയ ആനുഭാവികതകളൊന്നുമില്ല എന്നത് ഒരു വാസ്തവമാണ്. കാരണമെന്താണ് എന്ന് ചോദിച്ചാൽ, പ്രധാനമായും അതൊരു മനഃശാസ്ത്രമാണ്. പൊതുവേ സർക്കാർ ശമ്പളം പറ്റുന്നവരോട് നമ്മുടെ പൊതു ബോധത്തിന് ഒരു ഈർഷ്യയുണ്ട്. അവർക്ക് ഒരു തട്ട് കേട് വരുമ്പോൾ ജനങ്ങൾ അവരുടെ കുറ്റങ്ങൾ എണ്ണിയെണ്ണി പറയാൻ തുടങ്ങും.
പഴയ കാലത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗം മർക്കട മുഷ്ടിക്കാരും തങ്ങൾ എലീറ്റ് ക്ലാസ് ആണെന്ന് സ്വയം കരുതുന്നവരുമായിരുന്നു. സാധാരണക്കാരിൽ നിന്ന് വേറിടാനുള്ള ഒരു ശ്രമം അന്നൊക്കെ അവർക്കുണ്ടായിരുന്നു. എന്നാൽ ഇക്കാലത്ത് അതിന് വലിയ മാറ്റം വന്നിട്ടുണ്ട്. കെ എസ് ആർ ടി സിയിലും അതാണ് സ്ഥിതി. യഥാർത്ഥത്തിൽ അവർ സർക്കാർ ജീവനക്കാർ പോലുമല്ല. കോർപറേഷൻ ജീവനക്കാരാണ്. എങ്കിലും പഴയ കണ്ണിലാണ് ജനം അവരെ ഇന്നും കാണുന്നത്.
ഇപ്പൊ കെ എസ് ആർ ടി സി ക്ക് വേണ്ടി കണ്ണീരൊഴുക്കി രംഗത്ത് വരുന്നവരിൽ ഒരു വിഭാഗത്തിൻ്റെ ലക്ഷ്യം കെഎസ് ആർടീസിയുടെ നിലനിൽപ്പോ അതിൻ്റെ ജീവനക്കാരുടെ പ്രശ്നങ്ങളോ ഒന്നുമല്ല. സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന മുഖ്യ രാഷ്ട്രീയ കക്ഷിയെയും വിമർശിക്കാനുള്ള ഒരവസരം മാത്രമാണവർക്കിത്. കെ എസ് ആർ ടി സി അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നമെന്താണെന്ന ധാരണ പോലുമില്ലാതെയാണ് അവരൊക്കെ അഭിപ്രായങ്ങൾ പറയുന്നത്.
കെ എസ് ആർ ടി സിയുടെ പ്രശ്നം ഒരു സർക്കാരിൻ്റെയോ മുന്നണിയുടെയോ മാത്രം പ്രശ്നമല്ല. ആ കോർപറേഷൻ നടത്തുന്ന ഒരു ബിസിനസ്സാണത്. ആ ബിസിനസ് നഷ്ടത്തിലാണ്. അവർക്കത് മാനേജ് ചെയ്യാൻ പറ്റുന്നില്ല. അതിനായ് കൊണ്ട് വരുന്ന പദ്ധതികളൊന്നും ഫലവത്താകുന്നുമില്ല. കുറെ ബാധ്യതകളും ജീവനക്കാരുമായി ആ കോർപറേഷൻ നട്ടം തിരിയുകയാണ്. സർക്കാരിന് ഈ തീരാ നഷ്ടത്തിൽ എങ്ങനെ ഇടപെടാൻ സാധിക്കുമെന്നതിലാണ് ആശയക്കുഴപ്പം നില നിൽക്കുന്നത്.
സർക്കാരിനെ സംബന്ധിച്ച് പൊതുഗതാഗതം അവരുടെ ഒരു ഉത്തരവാദിത്വമാണ്. ആരോഗ്യ സംരക്ഷണം പോലെ, വിദ്യാഭ്യാസം പോലെ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് പൊതു ഗതാഗതവും. കെ എസ് ആർ ടി കോർപറേഷൻ വഴിയാണ് സർക്കാർ അത് ചെയ്യുന്നത്. അത് കൊണ്ട് തന്നെ മറ്റ് കോർപറേഷനുകളെപ്പോലെയല്ല കെ എസ് ആർ ടി സി. അതാണ് സർക്കാരിന് കെ എസ് ആർ ടി സിയെ എത്ര കയ്ച്ചാലും തുപ്പിക്കളയാൻ പറ്റാത്തത്.
സർക്കാരിന് കീഴിൽ നഷ്ടത്തിൽ ഓടുന്ന കുറേയധികം ബോർഡ്, കോർപ്പറേഷനുകളുണ്ട്. അവയുടെ എല്ലാത്തിൻ്റെയും ബാധ്യതകൾ സർക്കാർ ഏറ്റെടുക്കാൻ നിന്നാൽ പിന്നെ സർക്കാരിന് അതിനേ സമയം കാണൂ. സ്വന്തം കാര്യം പരസഹായമില്ലാതെ നോക്കിക്കണ്ട് മുന്നോട്ട് പോകാൻ ചുമതലയുള്ളവരാണ് ഈ ബോർഡ് കോർപ്പറേഷനുകൾ. അവർക്കത് സാധിക്കാതെ വരുന്നത് കൊണ്ടാണ് ഈ നഷ്ടക്കണക്കുകൾ മാത്രം പുറത്തേക്ക് വരുന്നത്. അത് കൊണ്ട് കെ എസ് ആർ ടി സിക്ക് മാത്രമായി ഒരു സ്ഥിരം ഫണ്ട് നൽകാനും വഴികളില്ല.
ഇപ്പോഴത്തെ സാഹചര്യങ്ങളെ അപഗ്രഥിച്ചാൽ ഈ വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരമാണ് സർക്കാരും അന്വേഷിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. പൊതു ഗതാഗതത്തിൽ സർക്കാരിനുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയുന്ന വിധം ഒരു ചെറു സംവിധാനമായി കെ എസ് ആർ ടി സിയെ നിലനിർത്തി അതിനുള്ളിൽ സർവീസ് ഔട്ട്‌സോഴ്സിങ് നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് നമുക്ക് ഊഹിക്കാൻ സാധിക്കുന്നത്.
കുറെ താപ്പാനകൾ കെ എസ് ആർ ടി സിയുടെ തലപ്പത്തുണ്ട് എന്നത് എല്ലാവർക്കുമറിയാം. ഒരു വേള സർക്കാരിനെപ്പോലും സമ്മർദ്ദത്തിലാക്കി പിടിവാശി നടത്തിയെടുക്കാൻ തക്ക ശേഷിയുള്ള താപ്പാനകളാണ് അവ. അത് കൊണ്ട് തന്നെ ഒറ്റയടിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് സർക്കാരിനും പ്രതീക്ഷയുണ്ടാകില്ല. പടിപടിയായി സർക്കാർ പോകുന്നത് അത്തരമൊരു സൊലൂഷനിലേക്ക് തന്നെയാകണം.
പൊതുഗതാഗതത്തിൻ്റെ ഏറ്റവും അനിവാര്യമായ ചുമതലകൾ നിർവഹിക്കാൻ സാധിക്കും വിധം ചുരുക്കിയെടുത്ത ഒരു സംവിധാനത്തെ വീണ്ടും ഡിപ്പാർട്ട്മെൻ്റ് ആക്കി മാറ്റാനുള്ള സാധ്യതയുമേറെയാണ്. അങ്ങനെയെങ്കിൽ നിലവിലെ കെ എസ് ആർ ടി സി ജീവനക്കാർ പൂർണമായ സർക്കാര് ജീവനക്കാരായി മാറും. അതിൽ വല്ല നിയമ പ്രശ്നവും ഉണ്ടോ എന്നറിയില്ല.
പക്ഷേ ഒരു കാര്യമുറപ്പാണ്. കെ എസ് ആർ ടി സി വിഷയത്തിൽ വ്യക്തമായ ഒരു തീരുമാനവും അതിലേക്കുള്ള ഒരു ബ്ലൂ പ്രിൻ്റും കൃത്യമായി സർക്കാരിന് മുന്നിൽ ഉണ്ട്. അല്ലെങ്കിൽ ഇത്ര മാത്രം വഷളാകുന്ന ഒരു സാഹചര്യം വരെ എത്താൻ സർക്കാർ കാത്ത് നിൽക്കില്ലായിരുന്നു. പക്ഷേ ഈ പദ്ധതികളോ തീരുമാനങ്ങളോ പൊതുജന സമക്ഷം പരസ്യപ്പെടുത്താൻ സമയമായിട്ടില്ല എന്നും സർക്കാർ കരുതുന്നുണ്ടാകണം.
ലാഭകരമായി നടത്താൻ സാധിക്കുന്ന റൂട്ടുകൾ പോലും നഷ്ടത്തിൽ ഓടിക്കുകയും ലാഭ നഷ്ടങ്ങളെ സംബന്ധിച്ച് മറ്റാർക്കും മനസ്സിലാകാത്ത, അവർക്ക് മാത്രം മനസ്സിലാകുന്ന കണക്കുകൾ പറയുകയും ചെയ്യുന്ന കെ എസ് ആർ ടി സി മാനേജ്മെൻ്റിൽ ജീവനക്കാർക്ക് പ്രതീക്ഷകൾ ഒന്നുമില്ല. സർക്കാർ കുറെ കോടികൾ എടുത്ത് വീശിയത് കൊണ്ട് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അവർ വിശ്വസിക്കുന്നില്ല. അടിത്തട്ട് വരെ പിടിച്ച് കുലുക്കുന്ന വിധമുള്ള മാറ്റങ്ങളിലൂടെ മാത്രമേ ശുഭകരമായ എന്തെങ്കിലും കെ എസ് ആർ ടി സിയിൽ സംഭവിക്കുകയുള്ളൂ.
കെ എസ് ആർ ടി സി ജീവനക്കാർ ഇപ്പൊൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. അത് അവരുടെ മാത്രം ആവശ്യമല്ല. പൊതുഗതാഗതം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെയും സർക്കാരിൻ്റെയും കൂടി ആവശ്യമാണത്.പക്ഷേ അതത്ര പെട്ടെന്നൊന്നും നടന്നേക്കില്ല. കാരണം സങ്കീർണതകൾ അതിൽ കുറെയെറെയുണ്ട്. അതൊക്കെ ശരിയാക്കാൻ സർക്കാരിന് സമയവും വേണ്ടതുണ്ടാകാം. വരുന്ന ഓണങ്ങൾ കെ എസ് ആർ ടി സി ജീവനക്കാർക്ക് ആധികളില്ലാതെ സന്തോഷത്തോടെ സദ്യയുണ്ണാൻ സാധിക്കുന്നതകുമെന്ന് നമുക്കും അവർക്കൊപ്പം ആശിക്കാം.