1 May 2024

ഇസ്രായേലുമായി സഹകരിച്ചതിനെതിരെ പ്രതിഷേധം; ഗൂഗിൾ ജീവനക്കാരെ യുഎസിൽ അറസ്റ്റ് ചെയ്തു

ഗൂഗിളിന് പുറമെ ആമസോണിനും ഇസ്രയേൽ സർക്കാർ കരാർ നൽകിയിരുന്നു. ഇതിനെതിരെ ആമസോണിലും ജീവനക്കാർ പ്രതിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേലുമായി സഹകരിച്ചതിനെതിരെ പ്രതിഷേധിച്ച ഗൂഗിൾ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗൂഗിളിന്റെ ന്യൂയോർക്, കാലിഫോർണിയ എന്നിവടങ്ങളിലെ ഓഫീസിലാണ് ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തിയത്. ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായി ഗൂഗിൾ കരാറിലേർപ്പെട്ടതിനെതിരെ ആയിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

ഒന്നിലധികം അഭ്യർത്ഥനകൾക്ക് ശേഷവും പ്രതിഷേധക്കാർ കമ്പനി പരിസരം വിട്ടുപോകാൻ വിസമ്മതിച്ചതിനാലാണ് സുരക്ഷ ഉറപ്പാക്കാൻ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

ഇസ്രയേലിന് വേണ്ടി ക്‌ളൗഡ്‌ സേവനങ്ങളും ഡാറ്റാ സെൻ്ററുകളും ലഭ്യമാക്കാൻ ഗൂഗിൾ ഒപ്പുവച്ച 1.2 ബില്യൺ ഡോളറിൻ്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം. അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിളിന്റെ രണ്ട് ഓഫീസുകളിൽ നിന്നായി ഒൻപത് പേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധക്കാർ അറസ്റ്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. സമരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് അറസ്റ്റെന്നാണ് വിവരം.

അറസ്റ്റിലായ ജീവനക്കാരെ ‘അഡ്മിനിസ്‌ട്രേറ്റീവ് അവധി’ നൽകിയിരിക്കുകയാണെന്നും അവർക്ക് സ്ഥാപനത്തിന്റെ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി എടുത്തുമാറ്റിയതായും ഗൂഗിൾ അറിയിച്ചു.

ഗൂഗിളിന് പുറമെ ആമസോണിനും ഇസ്രയേൽ സർക്കാർ കരാർ നൽകിയിരുന്നു. ഇതിനെതിരെ ആമസോണിലും ജീവനക്കാർ പ്രതിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷമാദ്യം, ഇസ്രയേലിലെ ഉന്നത ഗൂഗിൾ എക്‌സിക്യൂട്ടീവിൻ്റെ പ്രസംഗത്തിനിടെ പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്തതിന് ഒരു തൊഴിലാളിയെ ഗൂഗിൾ പുറത്താക്കിയിരുന്നു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News