ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ 12 കോടി വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ.എഫ്.സി (Kerala financial corporation) ഓഫീസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഉദ്യോഗസ്ഥരുടെ പരിശോധന. 2015ൽ കെ.എഫ്.സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പിവി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നാണ് റിപ്പോർട്ട്. കടം പലിശയും കൂടി ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണ്.
ഇത് കെ.എഫ്.സിക്ക് ഭീമമായ നഷ്‌ടമാണ് വരുത്തിയിത്. ഈ പരാതിയിന്മേലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി. സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
ചില സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോടിക്കണക്കിന് രൂപ കടം നൽകിയും കടമെടുക്കാൻ വഴിവിട്ട സഹായം നൽകിയതായും നേരത്തെ റിപ്പോർട്ടുകളുണ്ട്. ഇത്തരം സംഭവങ്ങൾക്ക് എതിരെ ശക്തമായ അന്വേഷണമോ നിയമ നടപടികളോ ഉണ്ടാകാത്തതിനാൽ കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നു.























