പ്രണയത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷത്തിൽ ഇന്ത്യയുടെ ബാഡ്‌മിൻ്റെണ്‍ താരം പിവി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വെങ്കിടദത്ത സായി ആണ് വരന്‍. രാജസ്ഥാനിലെ ഉദയപൂരിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്‌ച തന്നെ താരത്തിൻ്റെ വിവാഹ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.
സ്‌പോർട്‌സ്, വിനോദ ലോകങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത കൂട്ടാളികളും പങ്കെടുത്ത ഒരു താരനിബിഡമായ വിവാഹമായിരുന്നു അത്. കേന്ദ്ര- സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് വിവാഹ ചടങ്ങുകളുടെ ആദ്യ ചിത്രം പങ്കുവെച്ചത്.
”ഇന്നലെ വൈകുന്നേരം ഉദയപൂരില്‍ നടന്ന ഞങ്ങളുടെ ബാഡ്‌മിൻ്റെണ്‍ ചാമ്പ്യന്‍ ഒളിമ്പ്യന്‍ പിവി സിന്ധുവിൻ്റെ വിവാഹ ചടങ്ങില്‍ വെങ്കിടദത്ത സായിക്കൊപ്പം പങ്കെടുത്തതില്‍ സന്തോഷമുണ്ട്. ദമ്പതികള്‍ക്ക് അവരുടെ പുതിയ ജീവിതത്തിനായി ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നു” -എന്ന കുറിപ്പും മന്ത്രി സമൂഹ മാധ്യമത്തില്‍ ഫോട്ടോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ചൊവാഴ്‌ച ഹൈദരാബാദിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്. ഡിസംബർ 20ന് നടന്ന സംഗീത ചടങ്ങോടെയാണ് വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. ദമ്പതികളും അവരുടെ കുടുംബങ്ങളും ഒരു രാത്രി സംഗീതം, നൃത്തം, ഉല്ലാസം എന്നിവയ്ക്കായി ഒത്തുകൂടി. ഡിസംബർ 21ന് പരമ്പരാഗത ആചാരങ്ങൾ ഹൽദി, പെല്ലിക്കുതുരു, മെഹന്ദി എന്നീ ചടങ്ങുകളോടെ പ്രധാന വേദിയിലെത്തി. അതിൽ ചിരിയും സ്നേഹവും ഇന്ത്യൻ വിവാഹ ആചാരങ്ങളുടെ കാലാതീതമായ നിറങ്ങളും നിറഞ്ഞു നിന്നു.
ബാഡ്‌മിൻ്റൺ കോർട്ടിലെ പേരുകേട്ട സിന്ധു ആഘോഷങ്ങളിൽ ഉടനീളം ചാരുതയോടും സന്തോഷത്തോടും കൂടി സാംസ്കാരിക ആദരവുകൾ സ്വീകരിച്ചു. താരത്തിൻ്റെ വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത സംഭവമായി മാറി.