| പ്രമോദ് പുഴങ്കര
വാസ്തവത്തിൽ ഇതൊരു പരിഹാസമായി ആരോ പറഞ്ഞതാണ് എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അങ്ങനെയല്ല. കർഷകരുടെയും തന്റെ ഭാര്യ പ്രിയങ്കയുടെയും വിജയമാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചത് എന്ന അവകാശവാദം ഉന്നയിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങളെ തങ്ങളുടെ “പ്രജകളായി “കാണുന്ന നെഹ്‌റു കുടുംബത്തിന്റെ സകല ജനാധിപത്യ വിരുദ്ധതയുടെയും പുളിച്ചു തേട്ടലാണ്.
കർഷകർക്ക് വേണ്ടി പ്രിയങ്ക വല്ലാതെ സഹിച്ചു, പൊലീസുകാർ പിടിച്ചുന്തി എന്നൊക്കെ ഭർത്താവ് വാദ്ര ത്യാഗകഥ പാടുന്നു. നൂറുകണക്കിന് കർഷകർക്ക് ജീവൻ നഷ്ടപ്പെട്ട ഒരു സമരത്തിന്റെ ഐതിഹാസികമായ ചരിത്രത്തിലാണ് അയാളുടെ ഭാര്യ പ്രിയങ്ക ഫോട്ടോ ഷോപ്പ് സമര നാട്യത്തിനിടയിൽ നടത്തിയ ഉന്തും തള്ളും കഥ. വാദ്രയും പ്രിയങ്കയും രാഹുലുമൊക്കെ അടങ്ങുന്ന നെഹ്‌റു കുടുംബംമെന്ന കോൺഗ്രസ്സ് അശ്ലീലം ജനങ്ങൾക്ക് മുകളിൽ തങ്ങൾക്കുള്ള പാരമ്പര്യ അവകാശം പോലുള്ള അധികാരത്തിൽ എത്ര മാത്രം ആമഗ്നരാണ് എന്നാണിത് കാണിക്കുന്നത്.
ഇതുകൊണ്ടും നെഹ്‌റുകുടുംബ മിസ്റ്റർ മരുമഹൻ നിർത്തുന്നില്ല. നവംബർ മാസം മുതൽ കർഷകർക്ക് ഭക്ഷണം കൊടുത്തിരുന്നു താനെന്ന കണക്കും അയാൾ പറയുന്നു. ആയിരക്കണക്കിന് സമരസഖാക്കൾ പല നേരങ്ങളിൽ ഭക്ഷണം കഴിച്ചത് നെഹ്‌റു കുടുംബത്തിലെ പകർച്ച കൊണ്ടുവന്നിട്ടല്ല. അസാമാന്യമായ സംഘടനാമികവോടെ നടത്തിയ താമസവും ഭക്ഷണവും സുരക്ഷയുമടക്കമുള്ള ഒരു വർഷത്തോളം നീണ്ട സമരത്തിന്റെ ഇടയിലേക്ക് തന്റെ ഭക്ഷണദാനത്തിന്റെ കണക്ക് പറയാൻ നെഹ്‌റു കുടുംബത്തിന് സവിശേഷമായ ഔദ്ധത്യം തന്നെ വേണം.
അതുകൊണ്ടും നിർത്തുന്നില്ല ഈ അല്പൻ. താൻ ആ വഴിക്ക് കാറിൽ പോകുമ്പോൾ സമരക്കാർ കാറിനടുത്തേക്ക് ഓടിവരുമായിരുന്നു സങ്കടം പറയാൻ എന്ന്! കേന്ദ്ര സർക്കാർ വിളിച്ച ചർച്ചകൾ പ്രഹസനമാകാൻ തുടങ്ങിയപ്പോൾ ഇനി മൂന്നു നിയമങ്ങളും പിൻവലിച്ചാൽ മതി ചർച്ചയില്ല എന്ന് പ്രഖ്യാപിച്ച കർഷകർ, വിഗ്യാൻ ഭവനിൽ ചർച്ചയ്ക്ക് പോയപ്പോൾ സർക്കാർ ഒരുക്കിയ ഭക്ഷണം കഴിക്കാതെ പൊതിഞ്ഞുകൊണ്ടുവന്ന റൊട്ടി കഴിച്ച കർഷകർ, ദസറയ്ക്ക് മോദിയുടെ കോലം കത്തിച്ചവർ, ചെങ്കോട്ട മുഴുവൻ കർഷക സമര മുദ്രാവാക്യം മുഴക്കിയവർ, ഒരു നേരം. പോലും സമരത്തിൽ മത സാമുദായിക വിഭജനം കൊണ്ടുവരാതെ കൃത്യമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചവർ…. ആ കർഷകർ ഈ തട്ടിപ്പുകാരന്റെ കാറിന്റെ ചില്ലുകൾക്കടുത്തേക്ക് സങ്കടം പറയാൻ ഓടിവന്നിരുന്നു എന്ന്!
കർഷക സമരത്തിന്റെ വിജയത്തെ അതിന്റെ political economy യിൽ ഉറച്ച രാഷ്ട്രീയത്തിൽ നിന്നും അടർത്തിമാറ്റി രാഹുൽ -പ്രിയങ്ക നാടക രാഷ്ട്രീയത്തിന്റെ കണക്കിൽപ്പെടുത്താനുള്ള കോൺഗ്രസ്സ് ശ്രമത്തെ തുറന്നു കാട്ടണം. കാരണം വർഗ രാഷ്ട്രീയ പ്രശ്നങ്ങളും കാർഷിക പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ നിന്നും ജൈവമായ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുമ്പോൾ അതിനെയൊക്കെ പഴയ നെഹ്‌റു കുടുംബ വാഴ്‌ചയുടെ കൊട്ടാരം പാട്ടുകളിൽ കൂട്ടിച്ചർക്കാനുള്ള ശ്രമം ജനകീയ സമരങ്ങളെ ദുർബലമാക്കുകയാണ് ചെയ്യുക.
അമ്മ മകനെ പ്രസിഡണ്ടാക്കുന്നു. മകൻ കുറച്ചുകാലം കഴിയുമ്പോൾ മടുത്ത് വേണ്ടെന്ന് വെക്കുന്നു. പിന്നെ പിറകിൽ നിന്നും വീണ്ടും നിയന്ത്രിക്കുന്നു. മകൾ വരുന്നു. മകൾ പതിവ് റോഡ് ഷോ കെട്ടിപ്പിടിത്തം നാടകങ്ങൾ,.. കോൺഗ്രസുകാർക്ക് ഇതൊക്കെയാകും രാഷ്ട്രീയം എന്നാൽ മറ്റു ജനങ്ങൾക്ക് അങ്ങനെയല്ല.
ക്ഷേത്രദർശനവും ഗംഗാസ്നാനവുമൊക്കെയായി പ്രിയങ്കയും രാഹുലും നടന്ന സമയത്ത് മണ്ണിൽ ചവിട്ടി സമരം ചെയ്ത മനുഷ്യരെ നിങ്ങളുടെ അളിഞ്ഞ കുടുംബ രാഷ്ട്രീയവുമായി വന്ന്, രാജകുടുംബത്തിന്റെ ഔദാര്യ കഥ പറഞ്ഞു അപമാനിക്കാൻ ശ്രമിക്കരുത്. മോദിക്ക് മുമ്പേ രാജ്യം കത്തിച്ചുകളഞ്ഞ കോലങ്ങളാണ് നിങ്ങൾ.























