| ഹരിമോഹൻ
“100 വർഷങ്ങൾക്കു മുൻപ് സ്കൂളിൽ സവർണ ഹിന്ദുക്കൾക്കു വേണ്ടി വെച്ചിരുന്ന പാത്രത്തിലെ വെള്ളം കുടിക്കുന്നതിൽ നിന്ന് എന്റെ പിതാവിനെ വിലക്കിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ജീവൻ പോകാതിരുന്നത് ഒരത്ഭുതമാണ്.”
ലോക്സഭാ സ്പീക്കറായിരുന്ന, കേന്ദ്രമന്ത്രിയായിരുന്ന മീരാ കുമാർ ഇന്നലെ പറഞ്ഞതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന മീരയുടെ പിതാവ് ജഗ്‌ജീവൻ റാം ആണ്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിരോധമന്ത്രിയും ആയിരുന്ന ജഗ്‌ജീവൻ റാം. അതിനേക്കാളുപരി ബാബുജി എന്നറിയപ്പെട്ടിരുന്ന ജഗ്‌ജീവൻ റാം ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിലെ അംഗമായിരുന്നു.
100 വർഷങ്ങൾക്കു മുൻപു നടന്നൊരു സംഭവത്തെക്കുറിച്ച് മീര ഇന്നലെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമേയുള്ളൂ. 100 വർഷങ്ങൾക്കിപ്പുറം മാറ്റമില്ലാത്ത ആ കാഴ്ച മീര കണ്ടു. സവർണർക്കു വേണ്ടി രാജസ്ഥാനിലെ ഒരു സ്കൂളിൽ കരുതിവെച്ചിരുന്ന മൺകുടത്തിലെ വെള്ളം കുടിച്ചതിനു ദളിതനായ ഒമ്പതു വയസ്സുകാരൻ ഇന്ദ്ര കുമാറിനെ ‘ഉന്നതകുല ജാതനായ’ ഒരധ്യാപകൻ ക്രൂരമായി മർദ്ദിച്ചു കൊന്ന കാഴ്ച.
ജഗ്‌ജീവൻ റാമിനെ തന്റെ സവർണ അധ്യാപകർ വിലക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിൽ നിന്ന് ഒരുപാടകലെയായിരുന്നു. പക്ഷേ, ചോര കട്ടപിടിച്ച ഇന്ദ്ര കുമാറിന്റെ മുഖം ഇന്ത്യ കാണുമ്പോൾ ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങേണ്ടുന്ന ദിവസമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഓഗസ്റ്റ് 13.
ഇന്ദ്ര കുമാറിന്റെ കൊലയിൽ കേസെടുത്ത പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ കൂടി വായിക്കണം. അതിലെഴുതിയിട്ടുണ്ടു കൊലയ്ക്കു പ്രേരിപ്പിച്ച കാരണം. “ഇന്ദ്ര കുട്ടിയായിരുന്നു. അവൻ വെള്ളമെടുത്ത മൺകുടം സവർണ ജാതിയിലുള്ള അധ്യാപകനു വേണ്ടി വെച്ചിരുന്നതായിരുന്നു. അതുകൊണ്ടാണ് ചലിൽ സിംഗിനു വേണ്ടി വെച്ചിരുന്ന മൺകുടത്തിലെ വെള്ളം ഇന്ദ്ര കുമാർ അറിയാതെ കുടിച്ചത്.” പട്ടികജാതി/പട്ടികവർഗ വിഭാഗകർക്കെതിരായ അതിക്രമം തടയാൽ നിയമപ്രകാരം കേസെടുത്തു തയ്യാറാക്കിയ എഫ്.ഐ.ആറിലെ വാചകങ്ങളാണ്.
ആ ഒമ്പതു വയസ്സുകാരൻ എന്തറിഞ്ഞില്ലെന്നാണ്? ഇന്ത്യ 75 സ്വതന്ത്ര വർഷങ്ങൾ ആഘോഷിക്കുമ്പോഴും ഇവിടെ സവർണനും അവർണനും പ്രത്യേകം പ്രത്യേകം മൺകുടങ്ങളുണ്ടെന്നോ? സവർണന്റെ കുടത്തിലെ വെള്ളമെടുത്താൽ അവർണനെ തല്ലിക്കൊല്ലാമെന്നോ?
ജഗ്‌ജീവൻ റാമിന്റെ ജീവൻ നഷ്ടപ്പെടാതിരുന്നത് മീരയ്ക്ക് ഒരത്ഭുതമായിരുന്നെങ്കിൽ, 100 വർഷങ്ങൾക്കു ശേഷം ഇന്ദ്ര കുമാറിന്റെ ജീവൻ പൊലിഞ്ഞതിനെ നമ്മൾ അത്ഭുതമായിക്കാണണോ? ഒരുതരി അത്ഭുതം പോലും വേണ്ട.
പക്ഷേ, ഇന്നിതിനെ അത്ഭുതമായിക്കാണുന്ന മനുഷ്യർ തിരിച്ചറിയേണ്ട ചിലത് ആ കുഞ്ഞുശരീരത്തിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ജാതി ഒരു യാഥാർഥ്യമാണെന്ന്. 100 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന അതേ ജാതിവെറി ഏറിയും കുറഞ്ഞും പലയിടങ്ങളിലായി ഇവിടെ നിലനിൽക്കുന്നുണ്ടെന്ന്.
രാജസ്ഥാൻ ഒരിടവും ഇന്ദ്ര കുമാർ എന്നത് ഒരു പേരും മാത്രമാണ്. സ്വാതന്ത്ര്യം എത്രയൊക്കെ അമൃത മഹോത്സവമാക്കിയാലും, ഏതൊക്കെ ഇടങ്ങളിൽ ദേശീയ പതാകകൾ ഉയർന്നാലും ഇവിടെ സവർണന്റെ കുടമുണ്ട്, ആ കുടത്തിലെ വെള്ളത്തിനു ദളിതനോട് അയിത്തവുമുണ്ട്.