സൂര്യ നായകനായി എത്തുന്ന കങ്കുവ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് റിലയൻസ് നൽകിയ ഹർജി ഒത്തുതീർപ്പായി. തങ്ങളിൽ നിന്ന് കടം വാങ്ങിയ തുക തിരികെ നൽകാതെ കങ്കുവ റിലീസ് ചെയ്യരുതെന്നായിരുന്നു റിലയൻസ് എന്റർടെയിൻമെന്റ്‌സ് നൽകിയ പരാതി.
കങ്കുവ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിക്കുന്നതിനായി കങ്കുവയുടെ നിർമ്മാതാവും സ്റ്റുഡിയോ ഗ്രീൻ ഉടമയുമായ കെ ഇ ജ്ഞാനവേൽ രാജ റിലയൻസ് എന്റർടെയ്ൻമെന്റിൽ നിന്ന് 99 കോടി രൂപ വാങ്ങിയെന്നും ഇതിൽ 45 കോടി മാത്രമാണ് തിരികെ നൽകിയതെന്നുമായിരുന്നു റിലയൻസ് നൽകിയ പരാതിയിൽ പറഞ്ഞത്.
കങ്കുവയുടെ റിലീസിനൊപ്പം ഒടിടിയിൽ പ്രദർശിപ്പിക്കുന്ന തങ്കലാന്റെ സ്ട്രീമിങ് തടയണമെന്നും കോടതിയോട് റിലയൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരികെ നൽകാനുള്ള തുകയിൽ 18 കോടി രൂപ സ്റ്റുഡിയോ ഗ്രീനിന് വേണ്ടി മാംഗോ മാസ് മീഡിയ കമ്പനി കോടതിയിൽ അടച്ചു. ബാക്കി തുക വെള്ളിയാഴ്ചയ്ക്കകം റിലയൻസിന് നൽകുമെന്നും ഗ്രീൻസ്റ്റുഡിയോസ് കോടതിയെ അറിയിച്ചതോടെയാണ് ഹർജി ഒത്തുതീർപ്പായത്
നവംബർ 14 നാണ് സൂര്യ നായകനാവുന്ന തങ്കലാൻ തിയേറ്ററുകളിൽ എത്തുക. ശിവ സംവിധാനം ചെയ്ത് സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയിൽ സൂര്യ ഇരട്ട വേഷങ്ങളിലാണ് അഭിനയിക്കുന്നത്.
ബോബി ഡിയോൾ, ദിഷ പഠാനി, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, നടരാജൻ സുബ്രഹ്‌മണ്യം, കോവൈ സരള, ആനന്ദരാജ്, കെ എസ് രവികുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 350 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കങ്കുവ സൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.