| ശ്യാം സോർബ
കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഇന്ത്യൻ സിനിമയിൽ കണ്ടു വരുന്ന ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് പ്രോപഗണ്ട സിനിമകൾക്ക് വേണ്ടിയുള്ള സിനിമ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ. പ്രതേകിച്ചു ബോള്ളിവുഡ് സിനിമയിൽ ആണ് ഈ ട്രെൻഡ് കൂടുതൽ കാണുന്നത് എന്നതും സത്യമാണ്.
ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ രീതി ആരംഭിച്ചു വന്നത് എന്നതാണ് വസ്തുത. അതിൽ തന്നെ ഈ അടുത്ത കാലത്താണ്, അതായത് രണ്ടാം കേന്ദ്ര സർക്കാർ രൂപീകരണത്തിന് ശേഷം അത് വർധിച്ചതായി കാണാം. സിനിമകളും നവ മാധ്യമങ്ങളും ജനങ്ങളിലേക്ക് ആശയങ്ങൾ എത്തിക്കുന്നതിൽ ഉള്ള പങ്ക് വലുതാണ് എന്ന പ്രോപഗണ്ട അജണ്ടകൾ ഒരുക്കുന്ന ആളുകൾക്ക് മനസിലായി തുടങ്ങിയതിനു ശേഷം ആണ് ഈ വർദ്ധനവ്. ഇന്ത്യയിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ സിനിമകൾക്ക് കിട്ടുന്ന വളർച്ചയും തള്ളി കളയാവുന്നതല്ല.
സംഘപരിവാർ ആശയങ്ങൾ വിഹരിക്കുന്ന വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ നിന്നും ഉദ്ധരിച്ചു വരുന്ന ആശയങ്ങൾ ആണോ ഈ സിനിമകളിൽ ആധാരം എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല. മുസ്ലിം വിരുദ്ധതയും ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധത, സംസ്ഥാന വിരുദ്ധത, തുടങ്ങി സംഘപരിവാർ നേതാക്കളെ ജനകീയൻ ആക്കുന്നതിലും സിനിമ കൃത്യമായി ഉപയോഗിച്ച് വരുന്നുണ്ട്. കേരള സ്റ്റോറി, ഗോദ്ര, സവർക്കർ, ജെ എൻ യു , ബാസ്റ്റർ, റസാക്കാർ, ആർട്ടിക്കിൾ 370, മേം അടൽ, ദി ശബർമതി റിപ്പോർട്ട്, ദി വാക്‌സിൻ വാർ എന്നിങ്ങനെ നീണ്ടു കിടക്കുന്നു പ്രോപഗണ്ട സിനിമയുടെ നീണ്ട നിര.
കൃത്യമായ രാഷ്ട്രീയ ചുവട് വെപ്പ് ആയി തന്നെയാണ് ഈ സിനിമ പ്രവർത്തനം ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയം എടുക്കുന്നത് എന്ന് മനസിലാക്കാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഇന്ത്യ സർക്കാർ അല്ലെങ്കിൽ ബിജെപി സർക്കാർ വിമര്ശിക്കപെടുമ്പോൾ ഒക്കെ സിനിമ ഒരു മാധ്യമം ആയി എടുത്തു ആളുകളിൽ തെറ്റിധാരണ ഉണ്ടാക്കി കൃത്യമായി പ്രോപഗണ്ട വർക്ഔട് ചെയ്യാൻ ശ്രമിക്കുന്നത്.
അതേ സമയം ബിജെപി സർക്കാരിനെയോ, ആർ എസ് എസ് സംഘപരിവാർ രാഷ്ട്രീയത്തെയോ നേതാക്കളെയോ വിമർശിക്കുന്ന സിനിമകളും ഡോക്യുമെന്ററികളും നിരോധിക്കപ്പെടുന്നതും ശ്രദ്ധിച്ചാൽ ഈ പ്രവണത മനസിലാകും. ബിബിസി ഡോക്യുമെന്ററി നിരോധിച്ചത് മാത്രം അല്ല, ഭാരതം എന്ന പേര് മാറ്റാതെ സിനിമക്ക് അനുമതി നൽകില്ല എന്ന പുതിയ വാർത്ത ഒരു ഉദാഹരണം ആണ്. സംഘപരിവാർ രാഷ്ട്രീയത്തിന് കുട പിടിക്കാൻ വേണ്ടി മാത്രം ഒരു സെൻസർ ബോർഡ് കൂടി നിലനിൽക്കുന്ന രാജ്യത്ത് സിനിമ നിർമ്മാണം ഏത് തലത്തിലേക്ക് ആണ് വളരുന്നത് എന്ന് നോക്കി കാണേണ്ടത് ആണ്.
സിനിമ കൃത്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുന്ന മികച്ച മാധ്യമം തന്നെയാണ് സിനിമ. പക്ഷെ അത് വളരെ ഹീനമായ പ്രോപഗണ്ട സിനിമകൾ നിർമ്മിച്ച് ജനങ്ങളിൽ വർഗീയതയും വെറുപ്പും നിർമ്മിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.























