സ്വീഡനിലെ റിസ്‌ബെർഗ്‌സ് സ്‌കൂളിലെ കാമ്പസിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്‌ച പത്തായി. ഇതിൽ തോക്കുധാരിയെന്ന് സംശയിക്കുന്നയാളും ഉൾപ്പെടുന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതുവരെ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല, -പോലീസ് പറഞ്ഞു.
സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. അതിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച് 20 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രൈമറി അപ്പർ സെക്കൻഡറി കോഴ്‌സുകൾ സ്‌കൂൾ നൽകുന്നു. കുടിയേറ്റക്കാർക്കായി സ്വീഡിഷ് ക്ലാസുകൾ, തൊഴിലധിഷ്ഠിത പരിശീലനം, ബുദ്ധിപരമായ വൈകല്യം ഉള്ളവർക്കുള്ള പ്രോഗ്രാമുകൾ എന്നിവയും ഇവിടെയുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായ വ്യാപകമായ നാശനഷ്‌ടങ്ങൾ സംഭവത്തിൻ്റെ കാരണം കൃത്യമായി കണ്ടെത്തുന്നത് അന്വേഷകർക്ക് ബുദ്ധിമുട്ടാക്കി എന്ന് ലോക്കൽ പോലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. മരണസംഖ്യ ഉയരുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.
അക്രമി ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും പോലീസിന് മുമ്പ് അയാളെ പരിചയമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് മുമ്പ് മുന്നറിയിപ്പ് അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ലെന്നും പ്രാദേശിക പോലീസ് മേധാവി പറഞ്ഞു.
പത്ത് വെടിയൊച്ചകൾ കേട്ടതായി അധ്യാപിക ലെന വാറൻമാർക്ക് പ്രക്ഷേപകനായ എസ്‌വിടി ന്യൂസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം കാമ്പസിൽ കുറച്ച് വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.
വെടിവയ്പ്പിന് ശേഷം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി. “മൂന്ന് സ്ഫോടനങ്ങളും ഉച്ചത്തിലുള്ള നിലവിളികളും ഞങ്ങൾ കേട്ടു,” സ്‌കൂളിനുള്ളിൽ ബാരിക്കേഡ് ചെയ്യാൻ നിർബന്ധിതരായവരിൽ 28 കാരനായ ആൻഡ്രിയാസ് സൺഡ്ലിംഗ് പറഞ്ഞു.
“സ്വീഡന് മുഴുവന്‍ വളരെ വേദനാജനകമായ ദിവസമായിരുന്നു” ഈ സംഭവം എന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു. “സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ട വെടിവയ്പ്പ്” എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.
“സാധാരണ സ്‌കൂൾ ദിനങ്ങൾ ഭീകരതക്ക് വഴിമാറിയ എല്ലാവരോടും എൻ്റെ ചിന്തകൾ പങ്കുചേരുന്നു. സ്വന്തം ജീവനെ ഭയന്ന് ഒരു ക്ലാസ് മുറിയിൽ ഒതുങ്ങിക്കൂടുന്നത് ആരും അനുഭവിക്കേണ്ടി വരാത്ത ഒരു പേടി സ്വപ്‌നമാണ്,” -ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.
“ഒറെബ്രോയിലെ അക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ ഗുരുതരമാണ്. പോലീസ് സ്ഥലത്തുണ്ട്. ഓപ്പറേഷൻ ഊർജിതമായി നടക്കുന്നു. സർക്കാർ പോലീസുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സംഭവ വികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്,” -നീതിന്യായ മന്ത്രി ഗുന്നർ സ്ട്രോമർ സ്വീഡിഷ് വാർത്താ ഏജൻസിയായ ടിടിയോട് പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് സംഭവത്തെ നിലവിൽ “കൊലപാതകശ്രമം, തീവയ്പ്പ് ഗുരുതരമായ ആയുധ കുറ്റകൃത്യം” എന്നീ നിലകളിലാണ് കാണുന്നതെന്ന് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.