മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി നടൻ മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകി. വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും സമൂഹ മാധ്യമങ്ങളിൽ വൈകാരിക കുറിപ്പും താരം പങ്കുവച്ചിരുന്നു.
ഇതിന് മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്‌തവരാണ് നമ്മള്‍ മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്‍റെ കുറിപ്പിലൂടെ അഭിനന്ദനം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി നടി നവ്യ നായർ. നടൻ ടൊവിനോ തോമസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്‌തത്. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് സഹായമെത്തുന്നത്. ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട് നടൻ ആസിഫ് അലി നേരത്തെ രംഗത്തെത്തിയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, പാർവ്വതി കൃഷ്‌ണ, നവ്യനായർ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി- ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നേരത്തെ നൽകിയിരുന്നു.























