| കെ സഹദേവൻ
രാജ്യത്ത് സമീപകാലത്ത് നടന്ന മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും (കേന്ദ്ര- സംസ്ഥാന) അതത് സ്ഥലങ്ങളിലെ നിലനില്‍ക്കുന്ന ഭരണപക്ഷത്തിന് ഭരണത്തുടര്‍ച്ചയ്ക്കുള്ള അനുമതി ലഭിക്കപ്പെടുന്നത് ഒട്ടൊരു അത്ഭുതത്തോടും അതോടൊപ്പം ആശങ്കയോടും കൂടിയാണ് നോക്കിക്കാണുന്നത്. ജമ്മു കാശ്മീര്‍ ഒഴികെയുള്ള മുപ്പത്തിയൊന്നോളം സംസ്ഥാനങ്ങളിലെ തെഞ്ഞൈടുപ്പ് വിജയങ്ങള്‍ പരിശോധിച്ചാല്‍ മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലും ഈയൊരു പ്രതിഭാസം കാണാന്‍ കഴിയും.
കേന്ദ്ര ഭരണത്തിന്റെ കാര്യത്തിലും ഇത് അത്രതന്നെ വസ്തുതയാണ്. ഏതാനും ചില സംസ്ഥാനങ്ങളെ പ്രത്യേകമായി പരിശോധിച്ചാല്‍ നിലനില്‍ക്കുന്ന ഭരണകക്ഷിക്ക് കഴിഞ്ഞ മൂന്നോ നാലോ അതിലധികമോ തവണകളായി തുടര്‍ച്ചയായ ഭരണാനുമതി തെരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതായും കാണാം. ഗുജറാത്ത്, ഒഡീഷ, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉദാഹരണം. ഇന്ത്യയില്‍ ഏറ്റവും അധികം അസംസ്‌കൃത വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന, അല്ലെങ്കില്‍ അടങ്ങിയിരിക്കുന്ന പ്രദേശങ്ങളിലാണ് ഈ ഭരണത്തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധേയമായ സംഗതിയാണ്.
ഭരണത്തുടര്‍ച്ചകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഈയൊരു തെരഞ്ഞെടുപ്പ് ഫലത്തിലൂടെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ അഭിലാഷങ്ങള്‍ തന്നെയാണോ അതോ പുതിയ കാല തെരഞ്ഞെടുപ്പ്, പ്രചരണ തന്ത്രങ്ങളിലൂടെ ജനാഭിലാഷങ്ങള്‍ അട്ടിമറിക്കപ്പെടുന്നതാണോ എന്നതാണ് സംശയം. ഇതൊരു സന്ദേഹം മാത്രമാണ്. അന്തിമ നിഗമനമായി കണക്കാക്കേണ്ടതില്ല. പുത്തന്‍ നവ ലിബറല്‍ നയങ്ങള്‍ അതിന്റെ കടുംവെട്ട് രീതികളിലേക്ക് കടക്കുകയാണ് എന്നത് നിഷേധിക്കപ്പെടാനാവാത്ത വസ്തുതയാണ്.
പ്രകൃതി വിഭവങ്ങളുടെ മേലുള്ള കടന്നാക്രമണം ഒരുവേള മുന്‍കാലങ്ങളിലേക്കാള്‍ കൂടുതലായി നടന്നുകൊണ്ടിരിക്കുകയാണെന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കാന്‍ ഭരണസ്ഥിരത/തുടര്‍ച്ച അനിവാര്യമാണെന്ന് അവയുടെ പ്രയോക്താക്കള്‍ക്ക് നന്നായറിയാം.
മുന്നണി ഭരണങ്ങളെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് ഒരൊറ്റ പാര്‍ട്ടിക്ക് സ്വയം ഭരണത്തിലിരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിജയം പലപ്പോഴും ലഭ്യമാകുന്നു എന്നതാണ് പുതിയ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ സവിശേഷത. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നവ ഉദാരീകരണ നയങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഭരണകൂടങ്ങളും ശ്രമിക്കുന്നതും നമുക്ക് കാണാന്‍ കഴിയും.
ഒറ്റപ്പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന, ഭരണ സ്ഥിരതയുള്ള, ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളെത്തന്നെയാണ് ആധുനിക മുതലാളിത്തത്തിന് സ്വീകാര്യം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ചൈന. ആഗോള തലത്തില്‍ ഏറ്റവും അധികം വിദേശ നിക്ഷേപം നടക്കുന്ന രാജ്യം ചൈനയാണെന്ന് നമുക്കറിയാം. കുറഞ്ഞ വേതനമോ, കുറഞ്ഞ വിലയ്ക്കുള്ള അസംസ്‌കൃത വിഭവങ്ങളോ അല്ല ചൈനയെ മുതലാളിത്തത്തിന് സ്വീകാര്യമാക്കുന്ന ഘടകങ്ങള്‍. അവയായിരുന്നുവെങ്കില്‍ വിദേശ നിക്ഷേപകരെ ഏറ്റവും അധികം ആകര്‍ഷിക്കപ്പെടേണ്ടത് ഇന്ത്യയോ, സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളോ ആയിരുന്നു.
എന്നാൽ ചൈനയുടെ വാര്‍ഷിക വിദേശ നിക്ഷേപ ശരാശരി 230 ബില്യണ്‍ ഡോളറിലധികം വരുമ്പോള്‍ ഇന്ത്യയുടേത് 50 ബില്യണ്‍ ഡോളറും സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടേത് മൊത്തം കണക്കാക്കിയാല്‍ 40 ബില്യണ്‍ ഡോളറും ആണ്. വാസ്തവത്തില്‍ വിദേശ നിക്ഷേപകരുടെ തീര്‍ത്ഥാടന കേന്ദ്രമായി ചൈനയെ നിലനിര്‍ത്തുന്ന ഘടകം ഭരണസ്ഥിരതയുള്ള ഒറ്റപ്പാര്‍ട്ടി ഭരണസംവിധാനമാണെന്ന് കാണാം.
ഇന്ത്യയെപ്പോലുള്ള വളരെ സമൃദ്ധമായ അസംസ്‌കൃത വിഭവങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിശാല രാഷ്ട്രത്തെ ഇത്തരമൊരു ഭരണ സംവിധാനത്തിലേക്ക് നയിക്കാനുള്ള ഇടപെടലുകള്‍ എത്രമാത്രം ശക്തമായി നടക്കുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍, സോഷ്യല്‍ മീഡിയാ മാനിപ്പുലേഷന്‍സ് എന്നിവ ഈയൊരു ദിശയിലേക്ക് കാര്യങ്ങളെ മാറ്റിമറിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
(മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സന്ദേഹങ്ങള്‍ മാത്രമാണെന്നും ഒരു conclusion എന്ന നിലയിലല്ല അവതരിപ്പിക്കുന്നതെന്നും ഒരിക്കല്‍ കൂടി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. )























