കോവിഡ്-19 വാക്‌സിൻ്റെ ആദ്യ ഡോസിൻ്റെ പാർശ്വഫലങ്ങൾ മൂലം വൈകല്യം അനുഭവിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഹർജിക്കാരനോട്, തൻ്റെ ഹർജി തുടരുന്നതിന് പകരം നഷ്‌ട പരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു. കോവിഡ്-19 വാക്‌സിനേഷനെ പ്രത്യേകമായി പരാമർശിച്ചു കൊണ്ട്, രോഗപ്രതിരോധ കുത്തിവെയ്‌പ് (AEFI) തുടർന്നുള്ള പാർശ്വഫലങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ ആണ് നിർദേശം.
ജസ്റ്റിസുമാരായ ബിആർ ഗവായിയും അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. “നിങ്ങളുടെ ഹർജി ഇവിടെ കെട്ടിക്കിടക്കുകയാണെങ്കിൽ പത്ത് വർഷത്തേക്ക് ഒന്നും സംഭവിക്കില്ല. കുറഞ്ഞത് നിങ്ങൾ ഒരു കേസ് ഫയൽ ചെയ്‌താൽ നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും,” കോടതി ബെഞ്ച് പറഞ്ഞു.
കോവിഡ് വാക്‌സിൻ്റെ ആദ്യ ഡോസ് എടുത്തതിന് ശേഷം പ്രതിരോധ കുത്തിവെയ്പ്പിൻ്റെ പ്രതികൂല ഫലങ്ങൾ ആ വ്യക്തി അനുഭവിക്കുന്നുണ്ടെന്നും അവയവങ്ങൾക്ക് 100 ശതമാനം വൈകല്യം ഉണ്ടായെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ പറഞ്ഞു.
“അതിനായി എങ്ങനെയാണ് ഒരു റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? നഷ്‌ട പരിഹാരത്തിന് കേസ് ഫയൽ ചെയ്യൂ,” -ജസ്റ്റിസ് ഗവായ് പറഞ്ഞു. സമാനമായ ഒരു വിഷയം ഉന്നയിക്കുന്ന രണ്ട് വ്യത്യസ്ത ഹർജികൾ സുപ്രീം കോടതിയിൽ പരിഗണനയിലുണ്ടെന്നും കോർഡിനേറ്റ് ബെഞ്ചുകൾ അവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ഹർജിക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിൻ്റെ ഹർജിയും തീർപ്പു കൽപ്പിക്കാത്ത ഹർജികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് കോടതി പറഞ്ഞു. ഹർജി സുപ്രീം കോടതിയിൽ വളരെക്കാലമായി കെട്ടിക്കിടക്കുന്നുണ്ടാകാമെന്നും പത്ത് വർഷമായി അത് വെളിച്ചം കാണാനിടയില്ലെന്നും ബെഞ്ച് പറഞ്ഞു. തൻ്റെ കക്ഷിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ ഒരാഴ്‌ചത്തെ സമയം അനുവദിക്കണമെന്ന് അഭിഭാഷകൻ ബെഞ്ചിനോട് അഭ്യർത്ഥിച്ചു.
“ഒരു കേസ് ഫയൽ ചെയ്‌താൽ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കും,” -ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് വിഷയം ഒരു ആഴ്‌ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്‌തു. ശാരീരിക വൈകല്യമുള്ള വ്യക്തി എന്ന നിലയിൽ ഹർജിക്കാരന് അന്തസ്സോടെ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിനും കോവിഷീൽഡ് വാക്‌സിൻ നിർമ്മാതാവായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
വാക്‌സിനേഷൻ്റെ ആദ്യ ഡോസ് നൽകിയതിന് ശേഷം അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവുകൾ തിരികെ നൽകാനും ഭാവിയിലെ ചികിത്സാ ചെലവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവരോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ, അദ്ദേഹത്തിൻ്റെ അവസ്ഥ ചികിത്സിക്കാൻ കഴിയാത്തതായി കണ്ടെത്തിയാൽ ശാരീരിക വൈകല്യത്തിന് നഷ്‌ട പരിഹാരം നൽകാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.