നടൻ സുശാന്ത് സിംഗ് രജ്‌പുതിൻ്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാൽവാനി പോലീസ് 2021 ഫെബ്രുവരി നാലിന് അന്വേഷണം അവസാനിപ്പിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2020 ജൂൺ എട്ടിന് വടക്കൻ മുംബൈയിലെ മലാഡ് പ്രദേശത്തെ ജങ്കല്യാൻ നഗറിലുള്ള ഫ്ലാറ്റ് കെട്ടിടത്തിൻ്റെ 12-ാം നിലയിൽ നിന്ന് ചാടിയാണ് അവർ ജീവനൊടുക്കിയത്. ദിഷയുടെ സുഹൃത്തുക്കളുടെയും ചില സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ചില പ്രൊജക്ടുകൾ പരാജയപ്പെട്ടതും സുഹൃത്തുമായി അകന്നതും തൻ്റെ പണം അച്ഛൻ ദുരുപയോഗം ചെയ്‌തതും ദിഷയെ മാനസികമായി വിഷാദത്തിൽ ആക്കിയിരുന്നു എന്നാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാനേജരുടെ മരണത്തിന് പിന്നാലെ നടൻ്റെ മരണം മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ മുംബൈ പൊലീസ് നിയമിച്ചെങ്കിലും ഈ അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ദിഷയുടെ അച്ഛൻ സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2020 ജൂൺ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിൽ 34കാരനായ രജ്‌പുതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2020 ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ പിതാവ് കെ.കെ സിംഗ് പാട്‌നയിൽ സമർപ്പിച്ച പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം രജിസ്റ്റർ ചെയ്‌ത് ബീഹാർ പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
മകൻ്റേത് കൊലപാതകമാണെന്നും താരത്തിൻ്റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ചേർന്ന് മകൻ്റെ പണം ദുരുപയോഗം ചെയ്‌തതായും രജ്‌പുതിൻ്റെ പിതാവ് ബിഹാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ റിയ ചക്രവർത്തിയുടെയും അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങളിലെ മറ്റുള്ളവരുടെയും മൊഴികൾ സിബിഐ രേഖപ്പെടുത്തുകയും നടൻ്റെ മെഡിക്കൽ രേഖകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.
സുശാന്ത് സിങിൻ്റേത് ആത്മഹത്യ തന്നെയെന്ന് സിബിഐ പറയുന്നു. കൊലപാതകം ആണെന്നതിന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്ലോഷർ റിപ്പോർട്ടിൽ സിബിഐ അറിയിച്ചു.
സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ മുംബൈയിലെ ഒരു പ്രത്യേക കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സ്വീകരിക്കണോ അതോ ഏജൻസിയുടെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണോ എന്ന് ഇനി കോടതി തീരുമാനിക്കും.