വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്രവും കേരളവും ചിലവഴിച്ച തുകയുടെ കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ക്രഡിറ്റ് ആർക്കെന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവലും വലിയ പ്രചരണം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പറഞ്ഞ കണക്ക് പ്രകാരം 8686 കോടി രൂപയുടേതാണ് വിഴിഞ്ഞം പദ്ധതി. ഇതിൽ അയ്യായിരത്തി മൂന്നൂറ്റി എഴുപത് കോടി എണ്‍പത്തിയാറ് ലക്ഷം രൂപ കേരളമാണ് ചിലവഴിക്കുന്നത്. 2497 കോടി അദാനി ഗ്രൂപ്പും ചിലവഴിച്ചു. കേന്ദ്രം നല്‍കിയത് 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. കേരളത്തിലെ എല്‍.ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് പദ്ധതിയെനന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി.
75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.
1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ ശില്പി എന്ന കോണ്‍ഗ്രസ് പ്രചരണത്തിനും മറുപടി നല്‍കി.