...
Home News International പട്ടിണിയുടെ കൊടും ഭീകരത; യുദ്ധത്തിലൂടെ ഇല്ലാതാകുന്നു സുഡാനും

പട്ടിണിയുടെ കൊടും ഭീകരത; യുദ്ധത്തിലൂടെ ഇല്ലാതാകുന്നു സുഡാനും

അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് മേഖല കയ്യടക്കിയതോടെ വടക്കൻ ഡർഫറിലേക്കുള്ള സഹായവിതരണവും നിലച്ചു.

208

ലോകത്തിലെ തന്നെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സുഡാൻ. ഒരുവർഷം മുൻപ് രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടത്. വീടുകൾവിട്ട് ക്യാമ്പുകളിലേക്ക് മാറാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോൾ കടുത്ത പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുകയാണ്. അതിലേറ്റവും ബുദ്ധിമുട്ടുന്നത് കുട്ടികളാണ്. സുഡാനിലെ വടക്കൻ ഡർഫറിലെ സംസം ക്യാമ്പിൽ മെഡിസിൻസ് വിതൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) എന്ന അന്താരാഷ്ട്ര സംഘടന നടത്തിയ അന്വേഷണത്തിൽ ഓരോ രണ്ടുമണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഭക്ഷണ ദൗർലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. അഞ്ച് വയസിന് താഴെയുള്ള ഓരോ 10 കുട്ടികളിൽ മൂന്ന് പേർക്കും, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരിൽ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവുള്ളവരാണെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട പരിധി സുഡാൻ താണ്ടിയതായും ഏജൻസി പറയുന്നു. നിലവിൽപ്പോൾ സംസം ക്യാമ്പിൽ മാത്രമാണ് സർവേ നടത്തിയത്. ആഭ്യന്തര സംഘർഷം മൂലം ഭക്ഷ്യവിതരണം പോലും അവസാനിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് മേഖല കയ്യടക്കിയതോടെ വടക്കൻ ഡർഫറിലേക്കുള്ള സഹായവിതരണവും നിലച്ചു. മിക്ക സംഘടനകളും പ്രദേശം വിട്ടൊഴിഞ്ഞ് പോകുകയും ചെയ്തു.

വിസയും ആഭ്യന്തര യാത്രാനുമതിയും നൽകുന്നതിലെ കാലതാമസവും സഹായവിതരണത്തിന് തിരിച്ചടിയാകുന്നതായി സന്നദ്ധ പ്രവർത്തകർ പറയുന്നുണ്ട്. മറുഭാഗത്ത് ആരോഗ്യസംവിധാനങ്ങളുടെ അവസ്ഥയും മോശമാണ്. ആകെയുണ്ടായിരുന്നതിന്റെ 20-30% ആരോഗ്യസംവിധാനങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 2023 മെയ് 15നും സെപ്റ്റംബർ 14നും ഇടയിൽ അഞ്ച് വയസിന് താഴെയുള്ള 1,200 ലധികം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ചിരുന്നു. സൈനിക മേധാവി അബ്ദുൾ ഹത്താഫ് അൽ ബുർഹാനും, അർധ സൈനിക കമാൻഡറായ ഹംദാൻ ഡാഗ്ലോയും തമ്മിലുള്ള അധികാര തർക്കങ്ങളാണ് രാജ്യത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.