| കെ സഹദേവൻ
ഫാസിസത്തിനെതിരായ സമരം അവയുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കെതിരായ സമരം കൂടിയാണെന്ന് തിരിച്ചറിയുന്നത് രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളോ അല്ലെന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശക്തികളായ കോര്‍പ്പറേറ്റുകള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭം നടത്തുന്നത് ഇന്ത്യയിലെ കര്‍ഷക വിഭാഗങ്ങളും ആദിവാസി-ദളിത് വിഭാഗങ്ങളുമാണെന്ന് വര്‍ത്തമാന ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക മാരണ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ കുന്തമുന അദാനി-അംബാനിമാരിലേക്ക് കൂടി തിരിഞ്ഞത് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയുടെ കാടകങ്ങളിലും ഗ്രാമീണ മേഖലയിലും തീരപ്രദേശങ്ങളിലും ഒക്കെയായി നടന്നുകൊണ്ടിരിക്കുന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ കോര്‍പ്പറേറ്റ് നിയന്ത്രിത വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളാണ്. വേദാന്ത, പോസ്‌കോ, അംബാനി, ജിന്‍ഡാല്‍, എസ്സാര്‍, ടാറ്റ എന്നിവയോടൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുന്ന കോര്‍പ്പറേറ്റുകളില്‍ മുമ്പനാണ് അദാനി എന്റര്‍പ്രൈസസ്,
അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കല്‍ക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം.
ഗോവ: ഇന്ത്യയുടെ കോള്‍ കോറിഡോര്‍!
ഇന്ത്യാ ഗവണ്‍മെന്റ് വിഭാവനം ചെയ്യുന്ന, 8.5 ട്രില്യണ്‍ രൂപ നിക്ഷേപ സാധ്യത കണക്കാക്കുന്ന, സാഗര്‍മാല പദ്ധതിയുടെ ഭാഗമായി മര്‍മുഗോവ തുറമുഖത്തെ രാജ്യത്തിന്റെ കല്‍ക്കരി ഇടനാഴിയായി വികസിപ്പിക്കാനുള്ള പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഗൗതം അദാനിയായിരിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നും അദാനി ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്ന കല്‍ക്കരി ഇന്ത്യയിലെ വിവിധ താപനിലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രധാന തുറമുഖമായിട്ടാണ് മര്‍മുഗോവയെ പരിഗണിക്കുന്നത്. 2020ല്‍ ലോകസഭയില്‍ ബില്‍ രൂപത്തില്‍ അവതരിപ്പിക്കുകയും 2021 ഫെബ്രുവരി 17ന് രാഷ്ട്രപതി ഒപ്പിട്ടതോടു കൂടി നിലവില്‍ വരികയും ചെയ്ത ”The Major Port Authorities Act-2021” രാജ്യത്തെ വിവിധങ്ങളായ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ കൂടുതല്‍ സുഗമമാക്കുകയുണ്ടായി.
പ്രതിവര്‍ഷം 137 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള കോള്‍ ഹബ്ബ് ആയി ഗോവയിലെ മര്‍മു ഗോവ തീരത്തെ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരായി അതിശക്തമായ ചെറുത്തുനില്‍പ്പിനാണ് ഗോവന്‍ ജനത മുന്നിട്ടിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2030ഓടെ അദാനി ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, വേദാന്ത എന്നീ കമ്പനികള്‍ ഏകദേശം 51 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യുമെന്നാണ് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ പറയുന്നത്. ഗോവ വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാനാവശ്യമായ റെയില്‍, റോഡ് നെറ്റ് വര്‍ക്കുകള്‍ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍, പുതിയ ഫ്‌ളൈ ഓവറുകള്‍, മന്‍ഡോവി, സുവാരി എന്നീ നദികളില്‍ പുതിയ ജെട്ടി നിര്‍മ്മാണം, ദേശീയപാത 4എയില്‍ നാല് വരി പാതകളുടെ നിര്‍മ്മാണം എന്നിവ തകൃതിയായി നടക്കുകയാണ്.
ഈ വിപുലീകരണ പദ്ധതികളില്‍ പ്രതിഷേധിച്ച് പ്രദേശത്തെ 60-ലധികം ഗ്രാമങ്ങള്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു പബ്ലിക് ഹിയറിംഗ് പോലുമില്ലാതെ വിവിധ പദ്ധതികള്‍ ഗോവയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് അവര്‍ മറന്നിട്ടില്ല. നിര്‍ദ്ദിഷ്ട തുറമുഖ മേഖലയില്‍ ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. പബ്ലിക് ഹിയറിംഗ് പ്രക്രിയ മറികടന്നുകൊണ്ട് പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കുകയുണ്ടായി.
വളരെ ചെറിയ സംസ്ഥാനമായ ഗോവയില്‍ ഇത്രയും വിപുലമായ കല്‍ക്കരി ഹബ്ബ് സ്ഥാപിക്കുന്നത് മോളം നാഷണല്‍ പാര്‍ക്ക്, മഹാവീര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (CEC)യും 50ഓളം ശാസ്ത്രജ്ഞരും അക്കാദമിക്കുകളും അടങ്ങുന്ന സംഘവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗോയന്ത് കോള്‍സോ നാകാ എന്ന ബാനറിന് കീഴില്‍ ആയിരക്കണക്കായ ജനങ്ങള്‍ കോള്‍ ഹബ്ബിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്. ഗോവയില്‍ ജയിക്കുന്നത് അദാനിയോ ഗോവന്‍ ജനതയോ എന്നതിനെ ആശ്രയിച്ചിരിക്കും ഗോവന്‍ പരിസ്ഥിതിയുടെ ഭാവി.
(തുടരും)























