‘Koozhangal’ (Pebbles) – 2021 ൽ ഇന്ത്യയുടെ ഓസ്കാർ എൻട്രി ആയി അവതരിക്കപ്പെട്ട തമിഴ് സിനിമയാണ് കൂഴങ്കൾ. ഒന്നേകാൽ മണിക്കൂറിൽ ഒരു സിനിമാറ്റിക് കൊറിയോഗ്രഫി. പ്രതീക്ഷയുടെ ഉറവകൾ ഇല്ലാത്ത, എന്നാൽ മാനവികത എവിടെയൊക്കെയോ ബാക്കി നിൽക്കുന്ന ഒരു ദിവസത്തിന്റെ ചിത്രരേഖ. ഇന്ത്യൻ സിനിമകളിൽ വളരെ കുറച്ച് സിനിമകളിൽ മാത്രം കാണുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ഇന്റർഫേസ് ഈ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട് എന്നതാണ്.
സംവിധായകൻ വിനോദ് രാജ് പി എസ്സിന്റെ ആദ്യ സിനിമ, എന്ത് മനോഹരമായിട്ടാണ് ആദ്യ സിനിമയെ അയാൾ വരച്ചിടുന്നത്. മധുരയ്ക്ക് അടുത്ത് അരിട്ടപട്ടി എന്നൊരു ഗ്രാമം പശ്ചാതലമായാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. വരൾച്ചയിൽ ഉണങ്ങി കരിഞ്ഞിരിക്കുന്ന ഒരു ഗ്രാമം. വരൾച്ചയാണ്, തകർന്ന് വീണിരിക്കുകയാണ് ഒരു ഗ്രാമം. വിഭവങ്ങളുടെ ദാരിദ്ര്യമാണ് ഒരു വശത്ത് എങ്കിൽ മറുവശത്ത് മനുഷ്യ വികാരങ്ങളുടെ വല്ലാത്തൊരു പെയ്ത്താണ്. എലിയെ ചുട്ടു തിന്നുന്ന പെണ്ണുങ്ങൾ, കഴിക്കുന്ന എലിയുടെ ഒരു കഷ്ണം പയ്യന് നേരെ നീട്ടുന്ന പെൺകുട്ടി. ചില രംഗങ്ങൾ ഒക്കെ വല്ലാത്തൊരു ചിത്രമായി അവശേഷിക്കുന്നുണ്ട്.
ജീവിതം അതിന്റെ ഏറ്റവും ഇരുണ്ട അവസ്ഥയിൽ ഇങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കുന്ന ഒരു വല്ലാത്ത കാലത്ത്, ചീട്ടുകളിയും, അലസതയും, ഉറക്കവും ഒന്നും അല്ലാതെ ഒന്നും ചെയ്യാൻ ഇല്ലാത്ത മറ്റൊരു കൂട്ടം മനുഷ്യർ. വല്ലാത്ത ഒരു മാനസിക വ്യാപാരത്തിലൂടെ നടന്നകലുന്ന നായക കഥാപാത്രം. അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ട്ടം ന്ന് ഉള്ള അയാളുടെ ചോദ്യം, മകനെ നിരന്തരമായി ക്രോധത്താൽ പ്രഹരമേൽപ്പിക്കുന്ന അയാൾ, ഭാര്യയെ തിരിച്ചു വിളിക്കാൻ പോകുന്ന അയാൾ, മകന്റെ പുറകെ കാതകൾ ഓടുന്ന അയാൾ, ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്ന അയാൾ… എന്തൊക്കെ ഇമോഷണൽ അവസ്ഥകളിലൂടെ ആണ് ഒരു ദിവസം ആ മനുഷ്യൻ നടന്നു പോയിട്ടുണ്ടാവുക?
വളരെ ലളിതമായ ഒരു സിനിമ എന്ന് തന്നെ കുറിക്കേണ്ടതുണ്ട്. നിഗൂഢമായ ഒരു വരണ്ട ലോകത്തിന്റെ ബർഡ് ഐ വ്യൂസ് . ലാൻഡ്സ്‌കേപ്പ് തന്നെയും ഈ സിനിമയിൽ ഒരു കഥാപാത്രമായി നിലനിൽക്കുന്നുണ്ട് എന്ന് കാണാൻ പറ്റുന്നുണ്ട്. വല്ലാത്ത വിജനമായ ഒരു സിനിമയാണ്. ഒരു വൃത്തത്തിൽ ഈ സിനിമയെ പ്രതിഷ്ടിക്കുന്നു. അറ്റം തേടി കറങ്ങിക്കൊണ്ടേ ഇരിക്കുന്ന ഒരു ലോകം. ഒരു തൊണ്ട എങ്കിലും നനയട്ടെ, ഒരു ജലന്വേഷണത്തിനു ഒടുവിൽ ഒരു കുടത്തിൽ എങ്കിലും ആ ചളിവെള്ളം നിറയട്ടെ.
വെള്ളത്തിനു പകരം വെള്ളാരം കല്ലുകൾ വായിലാക്കി നടന്നു നീങ്ങുന്ന കുട്ടി…. ശീതള പാനീയത്തിന്റെ കുപ്പികളുമായി കളിക്കുന്ന കുട്ടികൾ. വീടിന്റെ ഒരു മൂലയിൽ കൂട്ടി ഇട്ടിരിക്കുന്ന ഉരുളൻ കല്ലുകൾ. മനുഷ്യ വികാരങ്ങളുടെയും പ്രകൃതിയുടെ വരൾച്ചയുടെയും വല്ലാത്തൊരു ചിത്രം.
പി എസ് വിനോദ് രാജ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിഘ്‌നേഷ് കുമുലായി, ജയ പാർഥിപൻ എന്നിവർ ചേർന്നാണ് മനോഹരമായ രംഗങ്ങൾ ക്യാമെറയിലേക്ക് പകർത്തിയത്. ചിത്ര സംയോജനം ഗണേഷ് ശിവയും. കാലങ്ങൾ ഇനി എത്ര കഴിഞ്ഞാലും ഈ സിനിമ പറഞ്ഞ് വെക്കുന്ന കഥയും, ഭംഗിയും മായില്ല.























