| ഹരിമോഹൻ
ഇരുണ്ട കാലത്തെ അധികാര ഭ്രാന്തും അതിന്റെ ഉന്മാദവും അതിഗംഭീരമായി അവതരിപ്പിച്ച സിനിമ. ഭ്രമയുഗത്തെ ഒറ്റവരിയിൽ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ശേഷം പറയാനുള്ളതൊക്കെയും 72-ാം വയസ്സിലും അഭിനയമെന്ന ഭ്രാന്തിനാൽ ഉന്മാദദാഹിയായ ആ മനുഷ്യനെക്കുറിച്ചാണ്. നിരന്തരം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന ആ മനുഷ്യനു മുന്നിൽ കീഴ്പ്പെടാത്തതായി ഇനിയൊന്നുമുണ്ടാവില്ലെന്നു തോന്നുന്നു.
എത്രയോ കൊല്ലം മുൻപേ അഭിനയത്തിന്റെ കൊടുമുടി കയറിയ മനുഷ്യന്, സ്വയം ഇനിയുമെന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നലുകളാണ് പുഴുവും കാതലും റോഷാക്കും നൻപകൽ നേരത്തു മയക്കവും ഒടുവിൽ ഭ്രമയുഗവുമൊക്കെ ചെയ്യിപ്പിച്ചത്.
അതിലുമധികമോ, അത്രയെങ്കിലുമോ സ്വയം നവീകരിക്കാൻ ഇഷ്ടപ്പെടുന്ന മറ്റൊരാളുണ്ടെങ്കിൽ മമ്മൂട്ടി എന്ന നടനെ മാറ്റിവെച്ചു മറ്റൊരാളെ ഇഷ്ടപ്പെടമായിരുന്നു. അതിനു കഴിയുന്നില്ല. അത്രയ്ക്കുണ്ട്, അയാൾക്ക് അഭിനയത്തോടുള്ള ആർത്തി.
ചുളിവുകൾ വീണ കഴുത്തും മുഖവും നിറംമാറിയ കണ്ണുകളും കൊണ്ടയാൾ കാണിക്കുന്ന ഓരോ ചേഷ്ടകളും ചിരിയും പോലും ഇപ്പോഴും നമ്മളെ ഭയപ്പെടുത്താൻ പോന്നതാണ്. എത്ര വേഗമാണയാൾ ഓരോ പരകായ പ്രവേശങ്ങളും നടത്തുന്നത്. കഴിഞ്ഞുപോയ വർഷങ്ങളല്ല, ഇനിയുള്ള വർഷങ്ങൾ അയാൾ മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുക, ‘മമ്മൂട്ടി യുഗം’ എന്നാവും. അതൊരു മഹായുഗമാണ്.























